“ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യയെ 3-1ന് ഓസീസ് പരാജയപ്പെടുത്തും “. കണക്ക് തീർക്കുമെന്ന് റിക്കി പോണ്ടിങ്.

2024ൽ ഇന്ത്യയ്ക്ക് മുൻപിലുള്ള ഏറ്റവും വലിയ ഉദ്യമങ്ങളിൽ ഒന്നാണ് നവംബറിൽ ആരംഭിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനോട് അടുത്ത് നടക്കുന്ന ടെസ്റ്റ് പരമ്പര ഇരു രാജ്യങ്ങളെ സംബന്ധിച്ചും വളരെ പ്രത്യേകതയുള്ളതാണ്.

പരമ്പരയിൽ വിജയം സ്വന്തമാക്കുന്ന ടീമിന് അനായാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കും. ഇതിനിടെ പരമ്പരയിലെ വിജയിയെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്.

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കും എന്നാണ് പോണ്ടിംഗ് പറയുന്നത്. ഓസ്ട്രേലിയയിൽ കഴിഞ്ഞ 2 ടെസ്റ്റ് പരമ്പരകളും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ 2 ടെസ്റ്റ് പരമ്പരകളും 2-1 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അതിനാൽ തന്നെ ഓസ്ട്രേലിയ തങ്ങളുടെ കഴിവ് ഇത്തവണ തെളിയിക്കണം എന്നാണ് പോണ്ടിംഗ് പറയുന്നത്. 2014- 15ന് ശേഷം ഇന്ത്യയെ ഒരു ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്താൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടില്ല. പക്ഷേ ഇത്തവണ ഓസ്ട്രേലിയ ചരിത്രം തിരുത്തിക്കുറിക്കും എന്ന് പോണ്ടിംഗ് അടിയുറച്ച് വിശ്വസിക്കുന്നു.

“ഇതൊരു അങ്ങേയറ്റം ആവേശകരമായ പരമ്പര ആയിരിക്കുമെന്നത് എനിക്ക് ഉറപ്പാണ്. ഇന്ത്യക്കെതിരെ കുറച്ചധികം കാര്യങ്ങൾ ഓസ്ട്രേലിയയ്ക്ക് തെളിയിക്കാനുണ്ട്. കഴിഞ്ഞ 2 പരമ്പരകളിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ കൃത്യമായ സൂചന ഓസ്ട്രേലിയക്ക് ഇപ്പോഴുമുണ്ട്. മാത്രമല്ല പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. അതാണ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യവും. കഴിഞ്ഞ 2 തവണയും 4 ടെസ്റ്റ്‌ മത്സരങ്ങൾ അടങ്ങുന്ന പരമ്പരയായിരുന്നു ഇന്ത്യ ഓസ്ട്രേലിയയിൽ കളിച്ചത്. ഇത്തവണ 5 ടെസ്റ്റ് മത്സരങ്ങൾ ഉള്ളതിനാൽ പരമ്പര കൂടുതൽ ആവേശഭരിതമായി മാറും എന്നത് ഉറപ്പാണ്. മാത്രമല്ല സമനിലയാവുന്ന മത്സരങ്ങൾ കുറവുമായിരിക്കും.”- പോണ്ടിംഗ് പറയുന്നു.

“ഇക്കാര്യങ്ങളൊക്കെയും മുൻനിർത്തി ഓസ്ട്രേലിയ വിജയിക്കും എന്നാണ് ഞാൻ കരുതുന്നത്. ഓസ്ട്രേലിയയെ തന്നെ ഞാൻ പിന്തുണയ്ക്കുന്നു. ഒരുപക്ഷേ പരമ്പരയിൽ ഒരു മത്സരം സമനിലയിൽ ആവുമായിയിരിക്കും. മത്സരത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചേക്കും. എന്നിരുന്നാലും ഓസ്ട്രേലിയ പരമ്പര 3- 1 എന്ന നിലയിൽ സ്വന്തമാക്കും എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്ന സമയത്ത് ഞാനും അതിന്റെ ഭാഗമായിരുന്നു. “

“എന്റെ കരിയറിന്റെ അവസാനമാണ് അത് കൂടുതൽ ആകർഷകമായി മാറിയത്. ആ സമയത്ത് കൃത്യമായി ഓസ്ട്രേലിയക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയ കളിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു ഇന്ത്യൻ ടീമിനെതിരെയാണ്. ഓസ്ട്രേലിയക്കും ഇപ്പോൾ വ്യത്യസ്ത ലീഡർമാരും കളിക്കാരും ആണുള്ളത്. അതിനാൽ ഇന്ത്യയെ പരാജയപ്പെടുത്താൻ എന്ത് ചെയ്യാൻ പറ്റുമോ ഇതൊക്കെയും അവർ ചെയ്യും. മറിച്ചും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു.

Previous articleഇതിഹാസങ്ങളുടെ ഐപിഎൽ നടത്താൻ ബിസിസിഐ. സച്ചിനും സേവാഗും ഗെയ്ലും ഡിവില്ലിയേഴ്‌സും.
Next articleലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റർ അവനാണ്. ഇന്ത്യൻ താരത്തെപറ്റി വസീം അക്രം.