ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് ഉയർത്തിയ 97 എന്ന വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കിനിൽക്കവേയാണ് ഇന്ത്യ മറികടന്നത്. 64 പന്തുകൾ ശേഷിക്കവേയായിരുന്നു ഇന്ത്യയുടെ ഈ അത്യുഗ്രൻ വിജയം.
ഇന്ത്യക്കായി ബോളിങ്ങിൽ സായി കിഷോർ മികവ് പുലർത്തിയപ്പോൾ. ബാറ്റിംഗിൽ തിലക് വർമയും ഋതുരാജ് ഗെയ്ക്വാഡും അഴിഞ്ഞാടുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഇതോടെ ഇന്ത്യ മെഡലും ഉറപ്പിക്കുകയുണ്ടായി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് കിട്ടിയ സഹായം വളരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യയുടെ സ്പിന്നർമാരായ സായി കിഷോറും വാഷിംഗ്ടൺ സുന്ദറും ബംഗ്ലാദേശിനെ ആദ്യം തന്നെ ചുരുട്ടി കെട്ടുകയുണ്ടായി.
ബംഗ്ലാദേശ് നിരയിൽ 24 റൺസ് സ്വന്തമാക്കിയ ജയിക്കർ അലിയാണ് ടോപ്പ് സ്കോററായത്. 23 റൺസ് നേടിയ പർവേസ് ഹുസൈനും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. എന്നാൽ കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെടുകയായിരുന്നു. ഇങ്ങനെ ബംഗ്ലാദേശ് ഇന്നിങ്സ് നിശ്ചിത 20 ഓവറുകളിൽ 96 റൺസിൽ അവസാനിച്ചു
ഇന്ത്യയ്ക്കായി സായ് കിഷോർ മൂന്ന് വിക്കറ്റുകളും വാഷിംഗ്ടൺ സുന്ദർ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിയനായ ജെയിസ്വാളിന്റെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. എന്നാൽ നായകൻ ഋതുരാജും തിലക് വർമയും ചേർന്ന് ബംഗ്ലാദേശിനെ അടിച്ചൊതുക്കുന്നതാണ് പിന്നീട് കണ്ടത്. പവർപ്ലേ ഓവറുകളിൽ തന്നെ മോശം ബോളുകളെ സിക്സർ പറത്തിയാണ് ഋതിരാജ് ആരംഭിച്ചത്.
നാലാം ഓവറിൽ തന്നെ ഇന്ത്യയുടെ സ്കോർ 50 റൺസിൽ എത്തിക്കാൻ ഋതുവിനും തിലക് വർമ്മയ്ക്കും സാധിച്ചു. ശേഷവും ഇരുവരും ആക്രമണപരമായി തന്നെയാണ് കളിച്ചത്. ഇതോടെ ബംഗ്ലാദേശ് ബോളർമാർ അടിയറവ് പറയുകയായിരുന്നു. 25 പന്തുകളിൽ നിന്നായിരുന്നു തിലക് വർമ്മ തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്.
മത്സരത്തിൽ ഋതുരാജ് 26 പന്തുകളിൽ 40 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു. തിലക് വർമ്മ 26 പന്തുകളിൽ 55 റൺസ് നേടി. 2 ബൗണ്ടറികളും 6 സിക്സറുകളുമാണ് തിലക് വർമയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. അതി സൂക്ഷ്മമായാണ് മത്സരത്തിൽ ബംഗ്ലാദേശ് സ്പിന്നെർമാരെ ഇന്ത്യ നേരിട്ടത്.
ഇതോടെ ഇന്ത്യ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. ഈ വിജയത്തോടെ ടൂർണമെന്റിന്റെ ഫൈനലിൽ ഇടം പിടിക്കാനും മെഡൽ ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. നാളെയാണ് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നത്.