ഇന്ത്യക്ക് തിരിച്ചടി. ഓസ്ട്രേലിയയ്ക്കെതിരെ സൂപ്പര്‍ താരം കളിക്കില്ല എന്ന് റിപ്പോർട്ട്‌.

F6OlTpDbQAAHfma scaled

ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന് മുൻപ് ഒരു വമ്പൻ തിരിച്ചടിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കി പോസിറ്റീവ് ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സയിലാണ് ഗിൽ. അതിനാൽ തന്നെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഗില്‍ കളിക്കാൻ സാധ്യതയില്ല. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു തിരിച്ചടി തന്നെയാണ് ലോകകപ്പിന്റെ തുടക്കത്തിൽ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ സമയങ്ങളിൽ ഏറ്റവും മികച്ച പ്രകടനം ഇന്ത്യക്കായി കാഴ്ചവച്ച ബാറ്ററാണ് ഗിൽ. 2023ൽ ഏകദിനങ്ങളിൽ നിന്നായി 1230 റൺസ് ഗിൽ നേടിയിട്ടുണ്ട്. ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ഗിൽ നിൽക്കുന്നത്. ഡെങ്കി ബാധിച്ചത് മൂലം ടീമിന്റെ നെറ്റ് സെഷനിലും പങ്കെടുക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല. വ്യാഴാഴ്ച നടന്ന പരിശീലന സെഷനിൽ ഇന്ത്യ ഗില്ലിന് വിശ്രമം അനുവദിച്ചിരുന്നു.

പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യൻ ടീം മാനേജ്മെന്റ് ഇപ്പോഴും ഗില്ലിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയാണ്. വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റുകളുടെ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ പൂർണ്ണമായ വ്യക്തത ബിസിസിഐ നൽകൂ.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

മത്സരത്തിൽ ഗില്ലിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയുടെ ഓപ്പണിങ് നിരയിൽ വലിയൊരു മാറ്റം അനിവാര്യമായി വരും. ഒരുപക്ഷേ കെഎൽ രാഹുലോ ഇഷാൻ കിഷനോ ആവും രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. 2019 ഏകദിന ലോകകപ്പിൽ കെഎൽ രാഹുൽ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നു. അന്ന് ശിഖർ ധവാന് പരിക്കേറ്റ സാഹചര്യത്തിലാണ് രാഹുൽ ഇന്ത്യയുടെ ഓപ്പണറായി മാറിയത്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഇന്ത്യ ഇഷാനെയും ഓപ്പണറായി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ അന്തിമ തീരുമാനവും വളരെ നിർണ്ണായകമാവും.

ഗില്ലിന്റെ അഭാവത്തിൽ രാഹുലാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതെങ്കിൽ, സൂര്യകുമാർ യാദവോ ഇഷാൻ കിഷനോ ആവും ഇന്ത്യക്കായി അഞ്ചാം നമ്പറിൽ കളിക്കുക. എന്നാൽ പകരം ഇഷാനാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതെങ്കിൽ, കെഎൽ രാഹുൽ അഞ്ചാം നമ്പറിൽ തന്നെ ഇറങ്ങും. നിലവിൽ പന്തിന്റെ അഭാവത്തിൽ രാഹുലാണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. എന്തായാലും ഇത്തരം ആശയക്കുഴപ്പങ്ങൾ നിൽക്കുന്നതിനാൽ തന്നെ ഗില്ലിന്റെ അഭാവം ഇന്ത്യയെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്രയും വേഗം ഗിൽ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top