ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്റെ സെമിഫൈനലിൽ ബംഗ്ലാദേശിനെ ചുരുട്ടി കെട്ടി ഇന്ത്യൻ ബോളർമാർ. ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മുൻപിൽ ഉത്തരമില്ലാതെ ബംഗ്ലാദേശ് വിറച്ചു വീഴുകയായിരുന്നു. തങ്ങളുടെ ഇന്നിംഗ്സിൽ കേവലം 96 റൺസ് മാത്രമാണ് ബംഗ്ലാദേശ് നേടിയിട്ടുള്ളത്. സ്പിൻ ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് സഹായകരമായത്. ഈ ചെറിയ സ്കോർ എത്രയും വേഗം മറികടന്ന് മത്സരത്തിൽ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ നിര.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ചെറിയ പിച്ചിൽ ബാറ്റിംഗ് അനായാസമാവും എന്നാണ് ബംഗ്ലാദേശ് കരുതിയത്. എന്നാൽ പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് ലഭിച്ച മുൻതൂക്കം ഇന്ത്യക്ക് ഗുണമായി മാറി. ആദ്യ മൂന്ന് ഓവറുകൾ മാത്രമാണ് ഇന്ത്യയുടെ പേസർമാർക്ക് എറിയാൻ അവസരം ലഭിച്ചത്. പിന്നീട് ഇന്ത്യൻ നിരയിലുള്ള സ്പിന്നർമാർ മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ബംഗ്ലാദേശിനായി ഓപ്പണർ പർവേസ് ഹുസൈൻ(23) തരക്കേടില്ലാത്ത തുടക്കം നൽകി. പക്ഷേ സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ ബംഗ്ലാദേശ് പരാജയപ്പെടുന്നതാണ് കണ്ടത്. മാത്രമല്ല സായി കിഷോറും വാഷിംഗ്ടൺ സുന്ദറും കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ പിഴുതെറിഞ്ഞത് അവരെ ബാധിച്ചു.
ഇന്നിംഗ്സിന്റെ ഒരു സമയത്ത് പോലും ഇന്ത്യൻ ബോളർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ ബംഗ്ലാദേശിന് സാധിച്ചില്ല. കൃത്യമായി ബംഗ്ലാദേശിനെ ചുരുട്ടി കെട്ടുന്ന തരം ബോളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ബംഗ്ലാദേശിന്റെ മധ്യനിര ഉൾപ്പെടെ റൺസ് കണ്ടെത്താൻ നന്നെ വിഷമിച്ചു. ബംഗ്ലാദേശിന്റെ മധ്യനിരയിൽ 24 റൺസ് നേടിയ ജേക്കർ അലി മാത്രമാണ് പിടിച്ചുനിന്നത്. ഇങ്ങനെ ബംഗ്ലാദേശ് കേവലം 96 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി മത്സരത്തിൽ സായി കിഷോർ മൂന്നും വാഷിംഗ്ടൺ സുന്ദർ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിന് ശേഷം വലിയ വിജയ പ്രതീക്ഷയിലാണ് ഇന്ത്യ. മത്സരത്തിൽ വിജയം കണ്ടാൽ ഫൈനലീലെത്താനും മെഡലുറപ്പിക്കാനും ഇന്ത്യക്ക് സാധിക്കും. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളാവും ഇന്ത്യയ്ക്ക് ഫൈനലിൽ എതിരാളികളായി എത്തുന്നത്. നാളെയാണ് ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നത്. മുൻപ് ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു.