ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ യുവനിരയ്ക്ക് സ്വർണം. ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണമെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരായ കലാശ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിന് സ്വർണ മെഡൽ ലഭിച്ചത്. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് സ്വർണ്ണവും അഫ്ഗാനിസ്ഥാന് വെള്ളിയും ലഭിച്ചിരിക്കുന്നത്. മഴമൂലം വൈകി ആരംഭിച്ച മത്സരം ഇന്ത്യയ്ക്ക് വളരെ അനുകൂലമായ രീതിയിൽ ആയിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാൽ മത്സരത്തിന്റെ മധ്യത്തിൽ മഴയെത്തുകയും മത്സരം മുടങ്ങുകയും ചെയ്തു. പിന്നീട് മത്സരം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മഴ എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യം തന്നെ അഫ്ഗാനിസ്ഥാൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഓപ്പണർമാരുടെ വിക്കറ്റുകൾ ആദ്യ ഓവറുകളിൽ തന്നെ കൊയ്ത് ശിവം ദുബെയും അർഷാദീപും ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകുകയായിരുന്നു. ഒപ്പം മൂന്നാമനായി ക്രീസിലേത്തിയ സദ്റാൻ കേവലം ഒരു റൺസിന് പുറത്തായതോടെ ഇന്ത്യ മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചു. എന്നാൽ നാലാമനായി ക്രൈസിലെത്തിയ ഷഹീദുള്ള അഫ്ഗാനിസ്ഥാനായി ക്രീസിൽ പിടിച്ചുനിന്നു.43 പന്തുകൾ നേരിട്ട് ഷഹീദുള്ള 49 റൺസാണ് മത്സരത്തിൽ നേടിയത്. 3 ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. പിന്നീട് അവസാന ഓവറുകളിൽ നായകൻ ഗുൽബദീൻ കൂടി മികവ് പുലർത്തിയതോടെ അഫ്ഗാനിസ്ഥാൻ ഭേദപ്പെട്ട നിലയിൽ എത്തുകയായിരുന്നു. ഗുൽബദീൻ മത്സരത്തിൽ 24 പന്തുകളിൽ 27 ആണ് നേടിയത്. ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളുമാണ് ഗുൽബദീന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ നിലയിൽ 18.2 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിൽ നിൽക്കുകയായിരുന്നു അഫ്ഗാനിസ്ഥാൻ. ഈ സമയത്താണ് അതിഥിയായി മഴയെത്തിയത്.ഇന്ത്യയ്ക്കായി മത്സരത്തിൽ അർഷദീപ് സിംഗ്, ശിവം ദുബേ, ഷഹബാസ് അഹമ്മദ്, രവി ബിഷനോയി എന്നിവർ വിക്കറ്റുകൾ സ്വന്തമാക്കി. എന്നിരുന്നാലും മഴമൂലം മത്സരം ഉപേക്ഷിച്ചത് ഇന്ത്യൻ ക്യാമ്പിലും നിരാശ ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും നിലവിലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് സ്വർണം ലഭിച്ചിരിക്കുകയാണ്. നേപ്പാളിനെയും ബംഗ്ലാദേശിനെയും തകർത്താണ് ഇന്ത്യ ഗെയിംസിന്റെ ഫൈനലിൽ എത്തിയത്. മറുവശത്ത് അഫ്ഗാനിസ്ഥാനും ഒരുപാട് അട്ടിമറികൾ നടത്തിയാണ് ഫൈനൽ സ്ഥാനത്തെത്തിയത്.

Previous articleബാറ്റിങ്ങിൽ ധോണിയ്ക്ക് പകരമാവാൻ, ഈ ലോകകപ്പിൽ അവന് സാധിക്കും. യുവതാരത്തെ പറ്റി സുരേഷ് റെയ്ന.
Next articleലോക റെക്കോർഡുമായി മാക്രം. 49 പന്തിൽ സെഞ്ച്വറി. ദക്ഷിണാഫ്രിക്ക നേടിയത് 428 റൺസ്.