ബാറ്റിങ്ങിൽ ധോണിയ്ക്ക് പകരമാവാൻ, ഈ ലോകകപ്പിൽ അവന് സാധിക്കും. യുവതാരത്തെ പറ്റി സുരേഷ് റെയ്ന.

dhoni 1124573 1657185380

2023 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ തങ്ങളുടെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. നാളെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. അതിനുമുമ്പ് ശക്തമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇപ്പോൾ നിലവിലെ ഇന്ത്യൻ ടീമിൽ ഡെത്ത് ഓവറുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ബാറ്റർ സൂര്യകുമാർ യാദവാണ് എന്ന് സുരേഷ് റെയ്ന പറയുന്നു. ഇന്ത്യയുടെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയുടെ റോൾ കൃത്യമായി നിർവഹിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കുമെന്നാണ് റെയ്ന പറയുന്നത്. നിർണായക സമയങ്ങളിൽ വമ്പൻ ഷോട്ടുകളുമായി മികവ് പുലർത്താനുള്ള സൂര്യകുമാർ യാദവിന്റെ കഴിവിനെ പ്രശംസിച്ചാണ് റെയ്ന സംസാരിച്ചത്.

സ്പോർട്സ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് റെയ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. “എം എസ് ധോണിയല്ലാതെ മറ്റൊരു താരത്തിന് അവസാന ഓവറുകളിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ അത് സൂര്യകുമാർ യാദവിന് മാത്രമായിരിക്കും.”- സുരേഷ് റെയ്ന പറഞ്ഞു. എന്നാൽ കഴിഞ്ഞ പരമ്പരകളിലൊക്കെയും അത്ര മികച്ച പ്രകടനമായിരുന്നില്ല സൂര്യ പുറത്തെടുത്തത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മാത്രമാണ് സൂര്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഏകദിന ഫോർമാറ്റിൽ ഇതുവരെയും ഒരു വമ്പൻ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ സൂര്യയ്ക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ലോകകപ്പിൽ സൂര്യ ഇന്ത്യയുടെ നട്ടെല്ലാവും എന്നാണ് റെയ്ന പ്രതീക്ഷിക്കുന്നത്.

Read Also -  "കൊച്ചി ടസ്‌കേഴ്സ് ടീം ഇനിയും പ്രതിഫലം തരാനുണ്ട്. മക്കല്ലത്തിനും ജഡേജയ്ക്കും കൊടുക്കാനുണ്ട് "- ശ്രീശാന്ത് പറയുന്നു..

ഇതിനോടൊപ്പം നിലവിലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ശക്തിയെ പറ്റിയും റെയ്ന പറയുകയുണ്ടായി. ഈ ലോകകപ്പിൽ ശുഭമാൻ ഗിൽ പ്രധാന താരമായി മാറും എന്നാണ് റെയ്ന കരുതുന്നത്. ഗില്ലും രോഹിതും ചേർന്നുള്ള ഓപ്പണിങ് സഖ്യം സച്ചിനും സേവാഗും തമ്മിലുള്ളത് പോലെയാണ് എന്നും റെയ്ന പറയുന്നു. “ശുഭമാൻ ഗിൽ ഇന്ത്യയുടെ ഈ ലോകകപ്പിലെ മികച്ച താരമാവും. നിലവിൽ ഗില്‍ മികച്ച ഫോമിലാണുള്ളത്. മാത്രമല്ല ഏകദിനങ്ങളിൽ ഏതു തരത്തിൽ കളിക്കണമെന്ന് ഗില്ലിന് നല്ല ബോധ്യമുണ്ട്. അതിനൊപ്പം ഡബിൾ സെഞ്ച്വറി ഹിറ്ററായ രോഹിത് ശർമ കൂടി ചേരുന്നതോടെ ഇന്ത്യ ശക്തമാവും. ഒപ്പം വിരാട് കോഹ്ലിയും നമ്മുടെ ടീമിലുണ്ട്. ശുഭ്മാൻ ഗില്ലും നേരത്തെ ഡബിൾ സെഞ്ച്വറി നേടിയിരുന്നു.”- റെയ്ന കൂട്ടിച്ചേർത്തു.

എന്നിരുന്നാലും ഇന്ത്യയുടെ അവസാന ഇലവനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ശുഭമാൻ ഗിൽ മാറിനിൽക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെയുള്ള സാഹചര്യത്തിൽ വലിയൊരു മാറ്റം ഇന്ത്യ തങ്ങളുടെ ടീമിൽ വരുത്തേണ്ടിവരും. എന്നാൽ അത്തരം ഒരു മാറ്റത്തിന് സാധ്യമാകുന്ന തരത്തിൽ പ്രതിഭകൾ ഇന്ത്യൻ നിരയിലുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ കൃത്യമായ കോമ്പിനേഷൻ കണ്ടെത്തുന്നതിലാവും ഇന്ത്യയുടെ ആദ്യ മത്സരത്തിലെ വിജയം തീരുമാനിക്കുന്നത്.

Scroll to Top