സഞ്ജുവില്ലാതെ ഏഷ്യാഡിനിറങ്ങിയ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. കർണാടക ടീമിന് മുമ്പിൽ മുട്ടുകുത്തി.

സഞ്ജുവിനെ ഉൾപ്പെടുത്താതെ ഏഷ്യൻ ഗെയിംസിനായി പുറപ്പെടുന്ന ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ എട്ടിന്റെ പണി. ഏഷ്യൻ ഗെയിംസിന് തൊട്ടുമുൻപായി നടന്ന പരിശീലന മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേരിടേണ്ടിവന്നത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമിന്റെ നായകനായ ഋതുരാജ് ഇല്ലാതെയാണ് ഇന്ത്യൻ ടീം കർണാടക ടീമിനെതിരെ ട്വന്റി20 മത്സരത്തിനിറങ്ങിയത്.

ഇന്ത്യയുടെ മുൻ ഓപ്പണറായ മായങ്ക് അഗർവാൾ ആയിരുന്നു മത്സരത്തിൽ കർണാടക ടീമിന്റെ നായകൻ. ഇന്ത്യൻ യുവനിരയെ 6 വിക്കറ്റുകൾക്ക് പരാജയപ്പെടുത്താൻ കർണാടക ടീമിന് സാധിച്ചു. എല്ലാവരെയും ഞെട്ടിക്കുന്ന പരാജയം തന്നെയാണ് ഇന്ത്യയ്ക്ക് പരിശീലന മത്സരത്തിൽ നേരിടേണ്ടി വന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. എന്നാൽ ഇന്ത്യൻ നിരയിലെ ഒരു താരത്തിന് പോലും പ്രതീക്ഷയ്ക്കൊത്ത രീതിയിൽ ഉയരാൻ സാധിച്ചില്ല. പരിശീലന മത്സരമായിട്ട് പോലും ഒരു ബാറ്റർക്കും മത്സരത്തിൽ അർധസെഞ്ച്വറി പോലും നേടാൻ സാധിച്ചില്ല. ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പർ പ്രഭസിമ്രാൻ മാത്രമാണ് അല്പസമയം ക്രീസിൽ പിടിച്ചുനിന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് താരമായ പ്രഭസിമ്രാൻ മത്സരത്തിൽ 49 റൺസ് നേടി ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിക്കുകയുണ്ടായി. പിന്നീട് ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ യശസ്വി ജയസ്വാളാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ജയിസ്വാൾ മത്സരത്തിൽ 31 റൺസ് നേടി.

എന്നാൽ ഇന്ത്യൻ നിരയിലെ മറ്റാർക്കും തന്നെ പരിശീലന മത്സരത്തിൽ ക്ലിക്കാവാൻ സാധിച്ചില്ല. കർണാടകയ്ക്കായി മനോജ് ബൻഡഗെയും ഹെഡ്ഗെയും മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. ബൻഡഗെ മത്സരത്തിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യയുടെ 4 വിക്കറ്റുകൾ പിഴുതെറിഞ്ഞു. ഹെഡ്ഗെ 17 റൺസ് വിട്ടുനൽകി മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക അനായാസം വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്ത് ടൈറ്റൻസ് താരമായ അഭിനവ് മനോഹറായിരുന്നു കർണാടക ടീമിനായി വിജയറൺ കുറിച്ചത്.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഭാഗമായതിനാലാണ് നായകൻ ഋതുരാജ് മത്സരത്തിൽ കളിക്കാതിരുന്നത്. ഋതുരാജിനൊപ്പം മധ്യനിര ബാറ്റർ തിലക് വർമ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരും പരിശീലന മത്സരത്തിൽ കളിച്ചിരുന്നില്ല. എന്നിരുന്നാലും കർണാടക ടീമിനോട് അപ്രതീക്ഷിതമായ ഒരു തോൽവി തന്നെയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം നേരിട്ടത്.

ഈ പ്രകടനവുമായി ഏഷ്യൻ ഗെയിംസിന് ഇറങ്ങിയാൽ ഇന്ത്യ നാണംകെടും എന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ യോഗ്യത നേടിയിട്ടുള്ള മറ്റു ടീമുകൾ. ഒക്ടോബർ 3നാണ് ഇന്ത്യയുടെ ക്വാർട്ടർ മത്സരം നടക്കുന്നത്.

Previous article“ഈ ഫീൽഡിങ് വയ്ച്ച് ഇന്ത്യ ലോകകപ്പ് നേടില്ല” . മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം.
Next articleബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യൻ പെൺപുലികൾ ഏഷ്യൻ ഗെയിംസ് ഫൈനലിൽ. 8 വിക്കറ്റിന്റെ മിന്നും വിജയം.