ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ നേപ്പാൾ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ. ആവേശകരമായ മത്സരത്തിൽ 23 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ ജയസ്വാൾ സെഞ്ചുറിയുമായി മികച്ച പ്രകടനം പുറത്തെടുത്തു.
ഒപ്പം റിങ്കൂ സിങിന്റെ തകർപ്പൻ ഫിനിഷിങ് കൂടിയായപ്പോൾ മികച്ച ഒരു സ്കോർ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ശേഷം ബോളർമാരായ രവി ബിഷണോയി, ആവേഷ് ഖാൻ എന്നിവരുടെ തകർപ്പൻ പ്രകടനം കൂടിയായതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ സ്ഥാനം പിടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കം തന്നെയാണ് ജയസ്‌വാൾ നൽകിയത്. ആദ്യ പന്ത് മുതൽ അടിച്ചു തകർക്കാനാണ് ജയസ്വാൾ ശ്രമിച്ചത്. മാത്രമല്ല താരതമ്യേന ചെറിയ ബൗണ്ടറികളുള്ള മൈതാനത്ത് വമ്പൻ ഷോട്ടുകൾക്ക് ജയസ്വാൾ ശ്രമിച്ചു. ഒരുവശത്ത് ഋതുരാജ്(25) റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് ജയസ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് കണ്ടത്.
മത്സരത്തിൽ 48 പന്തുകളിൽ നിന്നാണ് ജയസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ജയസ്വാളിന്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. ഇന്നിംഗ്സിൽ 8 ബൗണ്ടറികളും 7 സിക്സറകളും ഉൾപ്പെട്ടു.
ജയസ്വാൾ ഒരു വശത്ത് വെടിക്കെട്ട് തീർത്തപ്പോഴും മറുവശത്ത് ഇന്ത്യയുടെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായത് തിരിച്ചടി ഉണ്ടാക്കി. തിലക് വർമ(2) ജിതേഷ് ശർമ(5) എന്നിവർ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്. എന്നാൽ അവസാന ഓവറുകളിൽ ശിവം ദുബയും(25*) റിങ്കു സിംഗും ഇന്ത്യയ്ക്കായി നിറഞ്ഞാടി.
ഐപിഎല്ലിലടക്കം ഒരു ഫിനിഷർ എന്ന നിലയിൽ മികവുപുലർത്തിയിട്ടുള്ള റിങ്കുവിന്റെ ഒരു സംഹാരം അവസാന ഓവറുകളിൽ കാണാൻ സാധിച്ചു. മത്സരത്തിൽ 15 പന്തുകളിൽ 37 റൺസാണ് റിങ്കു സിങ് നേടിയത്. ഇങ്ങനെ ഇന്ത്യ 20 ഓവറുകളിൽ 202 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളും അടിച്ചു തകർക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയത് നേപ്പാളിനെ ബാധിച്ചു. എന്നിരുന്നാലും പൊരുതാൻ നേപ്പാൾ മടിച്ചില്ല. നാലാമനായിറങ്ങിയ ദീപേന്ദ്ര സിംഗ് നേപ്പാളിനായി 15 പന്തുകളിൽ 32 റൺസ് നേടി. സുന്ദീപ് ജോറാ 12 പന്തുകളിൽ 29 റൺസുമായി ഇന്ത്യയ്ക്ക് ഭീഷണിയുണ്ടാക്കി. എന്നാൽ ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി നേപ്പാളിനെ വരിഞ്ഞു മുറുകുകയായിരുന്നു.
ഇന്ത്യക്കായി നാലോവറുകളിൽ 24 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ നേടി ബിഷണോയി മികവ് പുലർത്തി. ആവേഷ് ഖാൻ 32 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. ഈ വിജയത്തോടെ ഏഷ്യൻ ഗെയിംസിന്റെ സെമിഫൈനലിൽ സ്ഥാനം പിടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.