ഇത്തവണത്തെ ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ വച്ച് തന്നെ നടക്കും. ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും ഏഷ്യാകപ്പ് മത്സരങ്ങൾ പാക്കിസ്ഥാനിൽ വച്ച് നടക്കുക. ഏഷ്യാകപ്പിൽ പാക്കിസ്ഥാൻ വേദിയാവുകയാണെങ്കിൽ ഇന്ത്യ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അതിന് വേറെ ഒരു വഴി സംഘാടകർ കണ്ടുകഴിഞ്ഞു.
ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വച്ചാണ് നടക്കുകയെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം നിഷ്പക്ഷ വേദിയിൽ വച്ചായിരിക്കും അരങ്ങേറുക. പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ല എന്ന് നേരത്തെ തന്നെ അറിയിച്ചത് കൊണ്ടാണ് ഇന്ത്യയ്ക്കു വേണ്ടി മാത്രം നിഷ്പക്ഷ വേദി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഒരുക്കാൻ തീരുമാനിച്ചത്. ഇരു ക്രിക്കറ്റ് ബോർഡും ഈ കാര്യത്തിൽ സമവായത്തിലെത്തി.
ആകെ 13 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉള്ളത്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ അടക്കം എല്ലാ മത്സരങ്ങളും മറ്റ് ഒരു രാജ്യത്തേക്ക് മാറ്റും. ഇന്ത്യയുടെ മത്സരങ്ങൾക്കായി വേദിയായി പരിഗണിക്കുന്നത് ഒമാൻ,ശ്രീലങ്ക,യു.എ.ഇ,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള അന്തിമ തീരുമാനം വൈകാതെ തന്നെ ഉണ്ടാകും.
പ്രാഥമിക ഘട്ടത്തിൽ മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. സൂപ്പർ ഫോറിൽ എത്തുക ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും. ഇന്ത്യയും പാക്കിസ്ഥാനും കലാശ പോരാട്ടത്തിന് പ്രവേശിക്കുകയാണെങ്കിൽ ഫൈനൽ മത്സരവും നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക. ഏകദിന ലോകകപ്പിന് തൊട്ട് മുൻപുള്ള ടൂർണമെൻ്റ് ആയതിനാൽ 50 ഓവർ ഫോർമാറ്റിൽ ആയിരിക്കും മത്സരം നടക്കുക. അതേസമയം ഇന്ത്യയിൽ വച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനും പാക്കിസ്ഥാൻ ഇതേ ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്. ഈ കാര്യത്തിൽ ഐ.സി.സി എടുക്കുന്ന നിലപാട് നിർണായകമായിരിക്കും.