മുംബൈ ഇല്ലാതെ എന്ത് ഫൈനൽ!! യുപിയെ എറിഞ്ഞിട്ടു. മുംബൈ × ഡൽഹി ഫൈനൽ.

Fr y4ZtagAABAbE

തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗിന്റെ ഫൈനലിലേക്ക്. യുപി വാരിയേഴ്സിനെതിരെ നടന്ന എലിമിനേറ്ററിൽ 72 റൺസിന്റെ വമ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. ഇതോടെ മുംബൈ ഫൈനലിലേക്കുള്ള തങ്ങളുടെ ടിക്കറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് മുംബൈയ്ക്ക് എതിരാളികളായുള്ളത്. ഓൾറൗണ്ടർ നാറ്റ് സിവർ ബ്രന്റിന്റെയും ബോളർ ഈസി വോങ്ങിന്റെയും തകർപ്പൻ പ്രകടനങ്ങളായിരുന്നു മുംബൈയെ എലിമിനേറ്ററിൽ വിജയത്തിലെത്തിച്ചത്. ഇരുവർക്കും മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വന്ന യുപി വാരിയേഴ്സ് മുട്ടുമടക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ യുപി വാരിയേഴ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അങ്ങേയറ്റം അനുകൂലമായ പിച്ചിൽ മുംബൈ ആക്രമിച്ചു തന്നെയാണ് തുടങ്ങിയത്. മുൻനിര ബാറ്റർ നാറ്റ് സിവർ ബ്രന്റ് ക്രീസിലെത്തിയതോടെ ആയിരുന്നു മുംബൈ ഇന്നിങ്സിൽ കുതിച്ചുചാട്ടം ഉണ്ടായത്. എല്ലാ യുപി ബോളർമാരെയും പഞ്ഞിക്കിടാൻ ബ്രന്റിന് സാധിച്ചു. 38 പന്തുകളിൽ 72 റൺസാണ് നാറ്റ് സിവർ ബ്രന്റ് നേടിയത്. ഇന്നിങ്സിൽ 9 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ശേഷം അവസാന ഓവറുകളിൽ 19 പന്തുകളില്‍ 29 റൺസ് നേടിയ മെലി കേറും അടിച്ചു തകർത്തുതോടെ മുംബൈ 182 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

See also  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.

മറുപടി ബാറ്റിംഗിൽ വളരെയധികം പ്രതീക്ഷകൾ ഉണ്ടായിരുന്ന യുപി നായിക അലക്സ് ഹീലിയെ(11) മുംബൈ ആദ്യമേ വീഴ്ത്തി. പിന്നീട് മൂന്നാമതായി ക്രീസിലെത്തിയ കിരൺ നവഗീറെ യുപിക്കായി ഒറ്റയാൾ പോരാട്ടം നയിക്കുകയായിരുന്നു. മത്സരത്തിൽ 27 പന്തുകളിൽ 43 റൺസാണ് നവഗീറെ നേടിയത്. എന്നാൽ ഈസി വോങ്ങിന്റെ തകർപ്പൻ ഹാട്രിക്ക് മുംബൈയെ മത്സരത്തിൽ മുൻപിൽ എത്തിക്കുകയായിരുന്നു. തുടർച്ചയായ പന്തുകളിൽ നവഗീറെയെയും സിമ്രാൻ ഷെയ്ക്കിനേയും(0) എക്ക്ലിസ്റ്റനെയും(0) കൂടാരം കയറ്റാൻ വോങ്ങിന് സാധിച്ചു. മത്സരത്തിൽ നിശ്ചിത 4 ഓവറുകളിൽ 15 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ ആയിരുന്നു വോങ്ങ് നേടിയത്. ഈ തകർപ്പൻ സ്പെല്ലിന്റെ ബലത്തിൽ യുപി ടീമിനെ കേവലം 110 റൺസിന് ഓൾഔട്ടാക്കാൻ മുംബൈയ്ക്ക് സാധിച്ചു.

മത്സരത്തിൽ 72 റൺസിനായിരുന്നു മുംബൈയുടെ ഈ തകർപ്പൻ വിജയം. ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയാനുള്ള ഒരു വിജയം തന്നെയാണ് മുംബൈയ്ക്ക് ലഭിച്ചിരിക്കുന്നത്. മാർച്ച് 26ന് വൈകിട്ട് 7.30ന് മുംബൈയിൽ വച്ചാണ് പ്രഥമ വിമൻസ് പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇരു ടീമുകളും ശക്തരായതിനാൽ തന്നെ ഫൈനൽ മത്സരം കൊഴുക്കും എന്നതിൽ സംശയമില്ല.

Scroll to Top