വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം ഏഷ്യാകപ്പിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ച് എസിസി. പാക്കിസ്ഥാൻ മുൻപോട്ടു വച്ച ഹൈബ്രിഡ് മോഡൽ മറ്റു രാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ഇതോടെ ടൂർണമെന്റ് പൂർണ്ണമായും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഇത്തവണത്തെ ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ കൃത്യമായ മത്സരങ്ങളുടെ വിവരങ്ങൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടിട്ടില്ല.
ടൂർണ്ണമെന്റ് പൂർണ്ണമായും പാക്കിസ്ഥാനിൽ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ല എന്ന് വ്യക്തമാക്കിയതോടെ ഈ പ്ലാൻ മാറ്റുകയായിരുന്നു. ശേഷമാണ് ഇത്തരം ഒരു ഹൈബ്രിഡ് മോഡൽ മുൻപിലേക്ക് വെച്ചത്. ഇതുപ്രകാരം ടൂർണമെന്റിലെ 13 മത്സരങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനിൽ വച്ചും, ഒമ്പതെണ്ണം ശ്രീലങ്കയിൽ വച്ചുമാണ് നടക്കുന്നത്. ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും ശ്രീലങ്കയിൽ വച്ചാവും നടക്കുക. 2008നുശേഷം ആദ്യമായിയാണ് ദ്വിരാഷ്ട്ര പരമ്പരയല്ലാത്ത ഒരു ടൂർണ്ണമെന്റ് പാകിസ്ഥാനിൽ വച്ച് നടക്കുന്നത്.
“ഞങ്ങളുടെ ഹൈബ്രിഡ് മോഡൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇതിനർത്ഥം പൂർണ്ണമായും ടൂർണമെന്റിന്റെ ആതിഥേയത്വം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഹിക്കും എന്നതാണ്. എന്നാൽ മത്സരം നടക്കുന്നത് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായിരിക്കും. ശ്രീലങ്കയാണ് ടൂർണമെന്റിന്റെ ന്യൂട്രൽ വേദി. ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഇത്തരമൊരു രീതി മുൻപിലേക്ക് വെച്ചത്.”- പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാൻ നജാം സേതി അറിയിച്ചു.
2023 ഏഷ്യാകപ്പ് വളരെ ആവേശകരമായിയാണ് ഇതുവരെ നിശ്ചയിച്ചിട്ടുള്ളത്. ടൂർണമെന്റിൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ ടീമുകൾ ഒരു ഒരു ഗ്രൂപ്പിലാണുള്ളത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് രണ്ടാം ഗ്രൂപ്പിൽ അടങ്ങുന്നത്. ഇരു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിൽ യോഗ്യത നേടുന്ന ടീമുകൾ നേരിട്ട് സൂപ്പർ ഫോറിലേക്ക് എത്തും. സൂപ്പർ ഫോർ മത്സരങ്ങൾക്ക് ശേഷമാവും ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുക. മത്സരങ്ങൾ 50 ഓവർ ഫോർമാറ്റിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ – നവംബർ മാസങ്ങളിൽ ഏകദിന ലോകകപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.