മത്സരത്തിന് 5 മിനിറ്റ് മുമ്പാണ് രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷെ അവൻ അത്ഭുതപ്പെടുത്തിയെന്ന് രോഹിത്.

പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെഎൽ രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 356 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ കുൽദീപ് യാദവ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. കേവലം 128 റൺസിനാണ് പാകിസ്ഥാൻ ഓൾ ഔട്ട് ആയത്. ഇതോടെ ഇന്ത്യ 228 റൺസിന്റെ കൂറ്റൻ വിജയമാണ് മത്സരത്തിൽ നേടിയത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം തന്നെയാണ് മത്സരത്തിൽ പിറന്നത്. മത്സരശേഷം രാഹുലിനെയും വിരാട് കോഹ്ലിയേയും പ്രശംസിച്ചുകൊണ്ട് നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

കനത്ത മഴയുടെ സാഹചര്യത്തിലും മൈതാനം മത്സരത്തിനായി സജ്ജമാക്കിയ ഗ്രൗണ്ട്സ്മാന്മാരെ പ്രശംസിച്ചു കൊണ്ടാണ് രോഹിത് സംസാരിച്ചു തുടങ്ങിയത്. “ഗ്രൗണ്ട്സ്മാൻമാരുടെ വലിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ മത്സരം. അല്ലാത്തപക്ഷം ഈ മത്സരം സംഭവിക്കുക പോലും ഇല്ലായിരുന്നു. ഈ മൈതാനം പൂർണമായും കവർ ചെയ്യുക എന്നതും, അതിനുശേഷം അത് മാറ്റുക എന്നതും എത്രമാത്രം പ്രയാസമേറിയതാണ് എന്ന് എനിക്ക് മനസ്സിലാവും. ഇന്ത്യൻ ടീമിന്റെ മുഴുവൻ ഭാഗത്തുനിന്നും ഞാൻ ഗ്രൗണ്ട്സ്മാന്മാരോട് നന്ദി പറയുകയാണ്.”- രോഹിത് പറഞ്ഞു.

“ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് കൊളംബോയിലേത് എന്നത് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ മഴയ്ക്ക് അനുകൂലമായ രീതിയിൽ ഞങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടിയിരുന്നു. കോഹ്ലിയും രാഹുലും ഒരുപാട് അനുഭവസമ്പത്തുള്ള കളിക്കാരാണ്. അവർ ക്രീസിൽ അവരുടേതായ സമയം ചിലവഴിക്കുകയും, പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിൽ ബൂമ്രയും നന്നായി തന്നെ പന്തറിഞ്ഞു.

ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാൻ ബുമ്രയ്ക്ക് സാധിച്ചു. കഴിഞ്ഞ 8-10 മാസങ്ങൾ കൊണ്ടുള്ള അയാളുടെ കഠിനാധ്വാനമാണ് മൈതാനത്ത് കണ്ടത്. നിലവിൽ ബൂമ്ര 27കാരനാണ്. അതിനാൽ തന്നെ ഒരുപാട് മത്സരങ്ങൾ കളിക്കാൻ സാധിക്കാതെ വരുന്നത് ബുമ്രയെ ബാധിക്കാൻ സാധ്യതയുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

“ഞങ്ങൾ ബാറ്റ് ചെയ്ത രീതി ഞങ്ങൾക്ക് ഒരുപാട് പോസിറ്റീവുകൾ നൽകുന്നുണ്ട്. ഓപ്പണർമാർക്കും വിരാട് കോഹ്ലിക്കും രാഹുലിനും നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചു. വിരാടിന്റെ ഇന്നിംഗ്സ് നന്നായി പേസ് ചെയ്തതായിരുന്നു. മത്സരത്തിൽ ടോസ്റ്റ് ഇടുന്നതിന് കേവലം അഞ്ചുമിനിറ്റ് മുൻപാണ് കെ എൽ രാഹുൽ, തനിക്ക് ടീമിൽ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കിയത്. എന്നിട്ടുപോലും വളരെ മികച്ച രീതിയിൽ ഇന്ത്യക്കായി ബാറ്റ് ചെയ്യാൻ രാഹുലിന് സാധിച്ചു. എല്ലാംകൊണ്ടും ഇന്ത്യയ്ക്ക് ഒരുപാട് പോസിറ്റീവുകൾ മത്സരത്തിൽ എടുത്തു പറയാനുണ്ട്.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.