ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്റെ ഭാവിയെക്കുറിച്ച് സൂചനകൾ നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. 2024 ട്വന്റി20 ലോകകപ്പോട് കൂടി രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന രീതിയിൽ മുൻപ് പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെയും മറുപടി നൽകിയിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ.
ഇനിയും കുറച്ചു വർഷങ്ങൾ തനിക്ക് ഇന്ത്യയ്ക്കായി കളിക്കാൻ താല്പര്യമുണ്ട് എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്. നിലവിൽ 2024 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുകയാണ് രോഹിത് ശർമ. ശേഷം 2024 ട്വന്റി20 ലോകകപ്പിനായി തയ്യാറെടുക്കാനാണ് രോഹിതിന്റെ ശ്രമം. ഇതിനിടെയാണ് ആരാധകരെ ആവേശത്തിലാക്കി രോഹിത്തിന്റെ പ്രസ്താവന എത്തിയിരിക്കുന്നത്.
2013ന് ശേഷം ഒരു ഐസിസി ട്രോഫി സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. എന്നാൽ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളായി ഇന്ത്യ മാറിയിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയം നേരിടുകയായിരുന്നു. മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിലും ഇന്ത്യയ്ക്ക് കളിക്കാൻ സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നായകൻ.
“ഇതുവരെ ഇന്ത്യൻ ടീമിനോടൊപ്പമുള്ള യാത്ര വളരെ നന്നായിരുന്നു. ഇപ്പോൾ 17 വർഷങ്ങൾ പൂർത്തിയാകുന്നു. കുറച്ചു വർഷങ്ങൾ കൂടി ടീമിനൊപ്പം തുടരാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ലോക ക്രിക്കറ്റിൽ അതിനനുസരിച്ച് ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുമെന്നും ഞാൻ കരുതുന്നു.”- രോഹിത് പറഞ്ഞു.
തനിക്ക് ഇന്ത്യൻ ടീമിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതി ക്യാപ്റ്റനാവാൻ കിട്ടിയ അവസരമാണെന്ന് രോഹിത് ശർമ പറയുകയുണ്ടായി. “നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം നമ്മുടെ രാജ്യത്തിന്റെ നായകനാവാൻ സാധിക്കുക എന്നുള്ളതാണ്. എന്നെ സംബന്ധിച്ച് ഞാൻ ഒരിക്കലും ഇത്തരമൊരു പൊസിഷനിൽ എത്തുമെന്ന് വിചാരിച്ച ആളല്ല. പക്ഷേ നല്ല കാര്യങ്ങൾ നല്ല ആളുകൾക്ക് സംഭവിക്കുമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു. നായകനായി ടീമിനൊപ്പം ചേർന്നതിന് ശേഷമുള്ള തന്റെ വീക്ഷണങ്ങളെ പറ്റിയും രോഹിത് സംസാരിച്ചിരുന്നു.
“ഞാൻ ഇന്ത്യൻ നായകനായി ചുമതലയേൽക്കുന്ന സമയത്ത് എനിക്ക് ഒരാവശ്യമേ ഉണ്ടായിരുന്നുള്ളൂ. ടീമിലുള്ള മുഴുവൻ താരങ്ങളും ഒരേ പാതയിലേക്ക് നോക്കണം എന്നതു മാത്രം. അങ്ങനെയാണ് ഒരു ടീം മത്സരം കളിക്കേണ്ടത്. വ്യക്തിപരമായ നാഴികക്കല്ലുകളും, വ്യക്തിപരമായ കണക്കുകളും, ലക്ഷ്യങ്ങളുമൊക്കെ പിന്നീടുള്ള കാര്യമാണ്. 11 പേർ ഒരുമിച്ച് നിന്ന് നേട്ടങ്ങൾ കൊയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കിരീടങ്ങൾ വിജയിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. ഞാനെന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും കാഴ്ചകളും അനുഭവിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങളാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.”- രോഹിത് പറഞ്ഞു വെക്കുന്നു.