2023 ഏഷ്യകപ്പ്‌ രാജാക്കന്മാരായി ഇന്ത്യ. ഫൈനലിൽ ലങ്കയ്‌ക്കെതിരെ 10 വിക്കറ്റ് വിജയം.

2023 ഏഷ്യകപ്പ് സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനലിൽ ശ്രീലങ്കക്കെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ ടൂർണ്ണമെന്റ് കിരീടം സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കുന്നത്. ടൂർണ്ണമെന്റിലുടനീളം ശക്തമായ പ്രകടനം തന്നെയാണ് ഇന്ത്യ പുറത്തെടുത്തത്. പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്കെതിരെ ആധികാരികമായ രീതിയിൽ വിജയങ്ങൾ സ്വന്തമാക്കാൻ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഫൈനൽ മത്സരത്തിലും ഈ തട്ടുപൊളിപ്പൻ പ്രകടനം തുടർന്നതോടെയാണ് ഇന്ത്യ ആധികാരികമായ രീതിയിൽ ഏഷ്യാകപ്പ് കിരീടം ചൂടിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ ഇന്ത്യൻ ബോളർമാർ വരിഞ്ഞു മുറുകുന്നതാണ് കണ്ടത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ശ്രീലങ്കൻ ഓപ്പണർ പേരെരയെ പുറത്താക്കി ബൂമ്ര ഇന്ത്യൻ സംഹാരം ആരംഭിച്ചു. പിന്നീട് മുഹമ്മദ് സിറാജ് പൂർണമായും ശ്രീലങ്കയെ വരിഞ്ഞുമുറുകുകയായിരുന്നു. ഇന്നിംഗ്സിലെ നാലാം ഓവറിൽ 4 വിക്കറ്റുകൾ സ്വന്തമാക്കി ശ്രീലങ്കൻ മുൻനിരയെ ഇല്ലായ്മ ചെയ്യാൻ സിറാജിന് സാധിച്ചു. ഇതോടുകൂടി ശ്രീലങ്ക 12ന് 5 എന്ന നിലയിൽ തകർന്നുവീണു. പിന്നീട് ഹർദിക് പാണ്ട്യ കൂടി സിറാജിനൊപ്പം ചേർന്നതോടെ ശ്രീലങ്കൻ ഇന്നിംഗ്സ് കേവലം 16 ഓവറുകളിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ കേവലം 50 റൺസ് മാത്രമാണ് ശ്രീലങ്കയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 7 ഓവറുകളിൽ 21 മാത്രം നൽകി 6 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഒപ്പം 3 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ഹർദിക് പാണ്ഡ്യയും സിറാജിന് പിന്തുണ നൽകി. 51 എന്ന ചെറിയ വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും തകർപ്പൻ തുടക്കം തന്നെയാണ് നൽകിയത്. എത്രയും പെട്ടെന്ന് മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ബാറ്റ് വീശിയത്.

ശ്രീലങ്കയുടെ എല്ലാ ബോളർമാർക്കുമെതിരെ ആക്രമണം അഴിച്ചുവിടാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. മത്സരത്തിൽ ഇഷാൻ കിഷൻ 17  പന്തുകളിൽ 22 റൺസാണ് നേടിയത്. ശുഭ്മാൻ ഗിൽ 19 പന്തുകളിൽ 27 റൺസ് നേടി. ഇതോടെ ഇന്ത്യ മത്സരത്തിൽ 10 വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വിജയത്തിലേക്ക് എത്താൻ വേണ്ടിവന്നത് കേവലം 7 ഓവറുകളാണ്. ഇതോടെ 2023 ഏഷ്യകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. 2023 ഏകദിന ലോകകപ്പിലേക്ക് വലിയ ആത്മവിശ്വാസത്തോടെ പോവാൻ ഇന്ത്യയ്ക്ക് ഈ ടൂർണ്ണമെന്റ് വിജയം സഹായകരമായി മാറും എന്നാണ് പ്രതീക്ഷ.

Previous articleഇന്ത്യൻ തീയുണ്ടയ്ക്ക് മുമ്പിൽ ലങ്ക ഭസ്മം. 50 റൺസിന് ഓൾഔട്ട്‌. ഇത് സിറാജിസം.
Next articleഅന്ന് ഷാർജയിൽ ഗാംഗുലിപടയെ നാണംകെടുത്തിയ ലങ്ക. ഇന്ന് രോഹിത് പട വക മധുര പ്രതികാരം.