നാഗിൻ ഡാൻസ്കാരുടെ പത്തിമടക്കി ശ്രീലങ്ക. 5 വിക്കറ്റ് വിജയം.

2023 ഏഷ്യാകപ്പിലും ഒരു തകർപ്പൻ തുടക്കവുമായി ശ്രീലങ്ക. 2022 ഏഷ്യകപ്പിലെ ചാമ്പ്യന്മാരാണ് ശ്രീലങ്കൻ ടീം. 2023 ഏഷ്യാകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിലും ഒരു ഉജ്ജ്വല വിജയം തന്നെയാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. ബംഗ്ലാദേശ് ടീമിനെ 5 വിക്കറ്റുകൾക്ക് തകർത്താണ് ശ്രീലങ്ക തങ്ങളുടെ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ശ്രീലങ്ക വിജയം കണ്ടത്. ബാറ്റിംഗിൽ ശ്രീലങ്കയ്ക്കായി സമരവിക്രമ, അസ്ലങ്ക എന്നിവരാണ് തിളങ്ങിയത്. ബോളിങ്ങിൽ പതിരാന, തീക്ഷണ എന്നിവരും മികവ് പുലർത്തിയപ്പോൾ അനായാസം ശ്രീലങ്ക മത്സരത്തിൽ വിജയം നേടി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ഓപ്പണർ തൻസീദ് ഹസന്റെ(0) വിക്കറ്റ് ബംഗ്ലാദേശിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാമനായി ക്രീസിലെത്തിയ ഷാന്റോ ബംഗ്ലാദേശിനായി ഒരു മികച്ച ഇന്നിംഗ്സ് തന്നെ കാഴ്ചവച്ചു. മറുവശത്ത് ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ ഷാന്റോയുടെ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ 122 പന്തുകൾ നേരിട്ട ഷാന്റോ 89 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 7 ബൗണ്ടറികൾ ഉൾപ്പെട്ടു. എന്നിരുന്നാലും ഷാന്റോയുടെ മികച്ച പ്രകടനത്തോട് നീതിപുലർത്താൻ മറ്റു ബംഗ്ലാദേശ് ബാറ്റർമാർക്ക് സാധിച്ചില്ല. ഇതോടെ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 164 റൺസിൽ അവസാനിക്കുകയായിരുന്നു

ശ്രീലങ്കയ്ക്കായി 32 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ വീഴ്ത്തി മഹീഷ് പതിരാന തന്റെ ആദ്യ ഏഷ്യകപ്പ് മത്സരത്തിൽ തിളങ്ങി നിന്നു. ഒപ്പം മഹിഷ് തീക്ഷണ രണ്ട് വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കും മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. കരുണാരത്നയുടെയും(1) കുശൽ മെൻഡിസിന്റെയും(5) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ശ്രീലങ്കയ്ക്ക് നഷ്ടമായി. പിന്നാലെ നിസ്സംഗയും(14) കൂടാരം കയറിയതോടെ ശ്രീലങ്ക 43ന് 3 എന്ന നിലയിൽ തകരുകയായിരുന്നു.

പിന്നീട് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് സമരവിക്രമയും അസ്സലങ്കയും ചേർന്ന് ശ്രീലങ്കയ്ക്കായി കെട്ടിപ്പടുത്തത്. ഇരുവരും നാലാം വിക്കറ്റിൽ ക്രീസിലുറച്ചതോടെ മത്സരം ബംഗ്ലാദേശിന്റെ കൈവിട്ടു പോകുന്നതാണ് കണ്ടത്. മത്സരത്തിൽ 77 പന്തുകളിൽ 54 റൺസാണ് സമരവിക്രമ നേടിയത്. അസലങ്ക 92 പന്തുകളിൽ 62 റൺസ് സ്വന്തമാക്കി. മത്സരത്തിന്റെ അവസാന ഭാഗത്ത് വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ശ്രീലങ്ക അനായാസം വിജയം നേടുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്.

Previous articleകരുതിയിരുന്നോളൂ, ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബാബർ ആസം.
Next articleവീണ്ടും റിങ്കു സിംഗ് മാജിക്‌. 17 റൺസ് വേണ്ടപ്പോൾ തുടർച്ചയായി 3 സിക്സറുകൾ.