അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനേക്കാള്‍ ബുദ്ധിമുട്ടുള്ള എതിരാളിയാണെന്ന് പറഞ്ഞ ശ്രീലങ്കയുടെ ക്യാപ്റ്റൻ ദസുൻ ഷനകയുടെ കമന്‍റിനെതിരെ ബംഗ്ലാദേശിന്റെ ഓൾറൗണ്ടറായ മെഹിദി ഹസൻ എത്തി. ഷനകയുടെ വാദങ്ങള്‍ ഗ്രൗണ്ടില്‍ പൊളിക്കുമെന്നും ബംഗ്ലാദേശ് താരം പറഞ്ഞു
അഫ്ഗാനെതിരെയാണ് ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം. അതിനു ശേഷമാണ് അവസാന ലീഗ്-സ്റ്റേജ് മത്സരത്തിൽ ശ്രീലങ്കയെ നേരിടുക. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. സ്പിന്നർമാരായ മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ 12 ഓവറിൽ 50 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി, നവീൻ ഉൾ ഹഖും ഒരു വിക്കറ്റ് വീഴ്ത്തി.
“അഫ്ഗാനിസ്ഥാന് ലോകോത്തര ബൗളിംഗ് ആക്രമണമുണ്ട്. ഫിസ് (മുസ്തഫിസുർ റഹ്മാൻ) ഒരു നല്ല ബൗളറാണെന്ന് നമുക്കറിയാം. ലോകോത്തര ബൗളറാണ് ഷാക്കിബ്. എന്നാൽ ഇവരെ കൂടാതെ ലോകോത്തര ബൗളർമാരാരും ടീമിലില്ല. അഫ്ഗാനിസ്ഥാനുമായി താരതമ്യം ചെയ്താൽ ബംഗ്ലാദേശ് എളുപ്പമുള്ള എതിരാളിയാണ് ” അഫ്ഗാനിസ്ഥാനോടുളള തോല്‍വിക്ക് ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
മറുപടിയുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹിദി ഹസന്‍ എത്തി.
“ഈ ടീം നല്ലതാണെന്നും ഈ ടീം മോശമാണെന്നും ഒരു അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഫീല്‍ഡിലാണ് ഇത് തെളിയിക്കപ്പെടുന്നത്. ഒരു ദിവസം ടീം മോശമായി കളിച്ചാൽ ഒരു നല്ല ടീമിന് തോൽക്കാം, അതുപോലെ തന്നെ മോശം ടീമിന് നല്ല ക്രിക്കറ്റ് കളി കളിച്ചാൽ ജയിക്കാനാകും.”
ഫീല്‍ഡിലാണ് ഇക്കാര്യങ്ങള്‍ തെളിയിക്കേണ്ടതെന്നും ആരാണ് നല്ല ടീമെന്നും ആരാണ് മോശം ടീമാണെന്ന് പറയുന്നതിന് മുമ്പ് കളിക്കളത്തിൽ നന്നായി കളിക്കുകയാണ് പ്രധാനമെന്നും ഹസൻ ഷാനകയോടുള്ള മറുപടിയായി പ്രതികരിച്ചു.