2022 ട്വന്റി20 ലോകകപ്പിലെ, ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിലെ രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഒരു ഇന്ത്യൻ ക്രിക്കറ്റ് പ്രേമിക്കും മറക്കാൻ സാധിക്കാത്തതാണ്. അതിസമ്മർദ്ദമെറിയ സാഹചര്യത്തിൽ ക്രീസിലെത്തിയ അശ്വിൻ അതിവിദഗ്ധമായി വൈഡ് നേടി ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുകയായിരുന്നു. ഒപ്പം മികച്ച രീതിയിൽ മത്സരം ഫിനിഷ് ചെയ്യാനും അശ്വിന് സാധിച്ചു. അതിനെ വെല്ലുന്ന മറ്റൊരു ഇന്നിംഗ്സാണ് രാജസ്ഥാന്റെ ഗുജറാത്തിനെതിരായ മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്.
മത്സരത്തിൽ ഒരു നിർണായ ഘട്ടത്തിലായിരുന്നു അശ്വിൻ ക്രീസിലെത്തിയത്. മത്സരത്തിൽ ധ്രുവ് ജുറലിന്റെ വിക്കറ്റ് പത്തൊമ്പതാം ഓവറിലാണ് നഷ്ടമായത്. ശേഷം രാജസ്ഥാന് വിജയിക്കാൻ വേണ്ടത് 10 പന്തുകളിൽ 17 റൺസായിരുന്നു. എന്നാൽ ക്രീസിലെത്തിയ അശ്വിൻ ആദ്യ പന്തിൽ തന്നെ ഷാമിയെ ഒരു തകർപ്പൻ ബൗണ്ടറിക്ക് തൂക്കുകയായിരുന്നു. ശേഷം അടുത്ത ബോളിൽ മുഹമ്മദ് ഷാമിയെ ഒരു തകർപ്പൻ സിക്സർ പായിക്കാനും അശ്വിന് സാധിച്ചു. ഇതോടെ കേവലം രണ്ടു പന്തുകളിൽ മത്സരത്തിന്റെ ഗതി മാറ്റാൻ അശ്വിന് സാധിച്ചു.
19 ആം ഓവറിലെ അഞ്ചാം പന്തിൽ പുറത്തായെങ്കിലും അശ്വിന്റെ ഈ ഇന്നിംഗ്സിന് രാജസ്ഥാന്റെ വിജയത്തിൽ വലിയ പങ്കാണുള്ളത്. മൂന്നു പന്തുകളിൽ 10 റൺസ് നേടിയായിരുന്നു രവിചന്ദ്രൻ അശ്വിൻ കൂടാരം കയറിയത്. ആ സമയത്ത് രാജസ്ഥാന് വിജയിക്കാൻ വേണ്ടത് 7 പന്തുകളിൽ 7 റൺ മാത്രമായിരുന്നു. വലിയൊരു ഇക്വേഷൻ ഇത്ര ചെറിയ ഇടവേളയിൽ ടീമിന് അനുകൂലമാക്കി മാറ്റാൻ സഹായിച്ചത് അശ്വിന്റെ ഭയമില്ലാത്ത ഇന്നിംഗ്സ് തന്നെയാണ്.
മത്സരത്തിൽ വലിയ രീതിയിൽ ബോളിങ്ങിൽ മികവ് കാണിക്കാൻ അശ്വിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ 4 ഓവറുകൾ എറിഞ്ഞ അശ്വിൻ 37 റൺസും വഴങ്ങുകയുണ്ടായി. എന്നാൽ ഈ നിർണായകമായ ഈ ബാറ്റിംഗ് പ്രകടനത്തോടെ ബാക്കിയെല്ലാം മായ്ച്ചു കളഞ്ഞിരിക്കുകയാണ് അശ്വിൻ. താൻ എല്ലായിപ്പോഴും ഒരു മാച്ച്വിന്നറാണെന്ന് തെളിയിക്കുന്ന അശ്വിന്റെ പ്രകടനം തന്നെയാണ് അഹമ്മദാബാദിൽ കാണാനായത്.