ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന സ്ക്വാഡിലെ പ്രധാന സവിശേഷത രവിചന്ദ്രൻ അശ്വിനാണ്. 20 മാസങ്ങൾക്ക് ശേഷമാണ് അശ്വിൻ ഏകദിന മത്സരം കളിക്കാനായി ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുന്നത്. ഓസ്ട്രേലിയക്കെതിരെ 3 ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കാണ് അശ്വിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല ഏകദിന ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണ് ഓസ്ട്രേലിയയ്ക്കെതിരെ നടക്കാൻ പോകുന്നത്.
അതിനാൽ തന്നെ ഏകദിന ലോകകപ്പിനായി താരങ്ങളെ സജ്ജമാക്കുക എന്നതാണ് പരമ്പരയുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ അശ്വിനും ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കും എന്നത് ഉറപ്പാണ്.
നിലവിൽ ഏകദിന ലോകകപ്പിനുള്ള പദ്ധതികളിൽ നിന്ന് ഒരുപാട് ദൂരത്താണ് അശ്വിൻ. അവസാനമായി ഇന്ത്യക്കായി അശ്വിൻ ഏകദിന മത്സരം കളിച്ചത് 2022 ജനുവരിയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് രവിചന്ദ്രൻ അശ്വിൻ കളിച്ചത്. അതിനുശേഷം ഇന്ത്യ അശ്വിനെ ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ഇപ്പോൾ ഏഷ്യാകപ്പിൽ അക്ഷർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിലാണ് അശ്വിനെ പെട്ടെന്ന് ഇന്ത്യ പരിഗണിച്ചത്.
അതിനാൽ തന്നെ ഏതുതരത്തിലുള്ള പ്രകടനമാവും അശ്വിൻ ഇനി കാഴ്ചവയ്ക്കുക എന്നതും എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അക്ഷർ പട്ടേലിന് പകരക്കാരനായി ഇന്ത്യ പലപ്പോഴും വാഷിംഗ്ടൺ സുന്ദറിനെയാണ് നിയോഗിക്കാറുള്ളത്. എന്നാൽ അശ്വിന്റെ പരിചയസമ്പന്ന മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം എന്ന് പലരും വിലയിരുത്തപ്പെടുന്നു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സെപ്റ്റംബർ 22ന് ആരംഭിക്കാനിരിക്കെ അശ്വിൻ തന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വിഎപി ട്രോഫി പരമ്പരയിലാണ് അശ്വിൻ തന്റെ ആദ്യ 50 ഓവർ പരിശീലന മത്സരം കളിച്ചത്. എംആർസി എ ക്ലബ്ബിനു വേണ്ടിയാണ് അശ്വിൻ മത്സരത്തിൽ അണിനിരന്നത്.
മത്സരത്തിൽ ഭേദപ്പെട്ട ബോളിംഗ് പ്രകടനം തന്നെ അശ്വിൻ കാഴ്ചവെച്ചിട്ടുണ്ട്. 10 ഓവറുകൾ പന്തെറിഞ്ഞ അശ്വിൻ 30 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് മത്സരത്തിൽ നേടുകയുണ്ടായി. 34 ഡോട്ട് ബോളുകളാണ് അശ്വിൻ മത്സരത്തിൽ എറിഞ്ഞത്. കേവലം ഒരു ബൗണ്ടറി മാത്രമാണ് അശ്വിൻ സ്പെല്ലില്‍ വഴങ്ങിയത്. ഒപ്പം ഏഴാം നമ്പറിൽ അശ്വിൻ ബാറ്റ് ചെയ്യുകയും, 17 പന്തുകളിൽ നിന്ന് 12 റൺസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
അശ്വിനെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന്റെ ആവശ്യകത വളരെ വലുതാണ് എന്ന് മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. 100ലധികം ടെസ്റ്റുകളും 115ലധികം ഏകദിന മത്സരങ്ങളും കളിച്ച പരിചയസമ്പന്നത അശ്വിനെ മത്സരത്തിൽ സഹായിക്കും എന്നാണ് രോഹിത് പറഞ്ഞത്.
മാത്രമല്ല അശ്വിനെ പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന് എപ്പോഴും മികവ് പുലർത്താൻ സാധിക്കും എന്നും രോഹിത് ശർമ വിശ്വസിക്കുന്നു. എന്തായാലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ അശ്വിൻ ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.