ഇത്തവണത്തെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ വച്ച് നടക്കുന്നതു കൊണ്ട് ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ നാട്ടിൽ വച്ച് നടക്കുന്ന ഏഷ്യകപ്പിൽ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ വച്ച് ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ല എന്ന ഭീഷണി പാക്കിസ്ഥാനും ഉയർത്തിയിരുന്നു. ഇപ്പോൾ ഇതാ ലോകകപ്പിൽ പങ്കെടുക്കില്ല എന്ന പാക്കിസ്ഥാന്റെ ഭീഷണി നടക്കുന്ന കാര്യമല്ല എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ അശ്വിൻ.
“പാക്കിസ്ഥാനിൽ ഏഷ്യകപ്പ് നടക്കുമായിരിക്കും. പക്ഷേ അവിടെയാണ് കളിയെങ്കിൽ പങ്കെടുക്കില്ല എന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇന്ത്യ പങ്കെടുക്കണമെന്നാണ് ആഗ്രഹമെങ്കിൽ വേദി മാറ്റിയേ തീരൂ. മുൻപും ഇത് നമ്മൾ കണ്ടിട്ടുണ്ട്. അല്ലേ? ഏഷ്യാകപ്പ് അവിടെ നടത്തരുതെന്ന് നമ്മൾ പറയുമ്പോൾ ഇന്ത്യയിലേക്ക് വരില്ല എന്ന് അവർ പറയും. പക്ഷേ എനിക്ക് തോന്നുന്നത് അത് നടക്കില്ല എന്നാണ്.
എൻ്റെ അഭിപ്രായം ഏഷ്യാ കപ്പ് ശ്രീലങ്കയിൽ നടത്തണമെന്നാണ്. ഏകദിന ലോകകപ്പിന് മുൻപുള്ള പ്രധാന ടൂർണമെൻ്റാണിത്. ഒരുപാട് ടൂർണമെന്റുകൾ ദുബായിൽ വച്ച് നടന്നു കഴിഞ്ഞു. ശ്രീലങ്കയിലേക്ക് കളി മാറ്റുകയാണെങ്കിൽ അത് സന്തോഷമാണ്.”-അശ്വിൻ പറഞ്ഞു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് താരത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
ബി.സി.സി.ഐ പാക്കിസ്ഥാനിലേക്ക് ടൂർണമെന്റ് കളിക്കുവാൻ പോകില്ല എന്ന് തീരുമാനത്തിൽ ഉറച്ചു തന്നെ നിൽക്കുകയാണ്. അങ്ങനെ ചെയ്താൽ ഇന്ത്യയിൽ വച്ച് ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്നും പാക്കിസ്ഥാൻ ഐസിസിയോട് ആവശ്യപ്പെട്ടു. വേദിയുടെ കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നത് അടുത്ത മാസം വേദിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ്.