ക്രിക്കറ്റ് ലോകം ഇപ്പോൾ വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിനുള്ള എല്ലാ ഒരുക്കങ്ങളിലുമാണ്. ടീമുകൾ എല്ലാം ലോകകപ്പ് പോരാട്ടങ്ങൾക്കായുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന തിരക്കിലും.എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ എല്ലാം ആകാംക്ഷക്ക് ഒടുവിൽ ലോകകപ്പ് നേടാനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സെലക്ഷൻ കമ്മിറ്റി ഹെഡ് കോച്ച് രവി ശാസ്ത്രിക്കും നായകൻ വിരാട് കോഹ്ലിക്കും ഒപ്പം വിശദമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം പ്രഖ്യാപിച്ച സ്‌ക്വാഡിൽ അനേകം സർപ്രൈസ് തീരുമാനങ്ങൾ ഉൾപ്പെട്ടത് ചർച്ചയാക്കി മാറ്റുകയാണ് ആരാധകർ. നായകൻ വിരാട് കോഹ്ലി നയിക്കുന്ന സ്‌ക്വാഡിൽ സീനിയർ ഓഫ് സ്പിന്നർ അശ്വിൻ ഇടം നേടിയപ്പോൾ യൂസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർക്ക് അവസരം ലഭിച്ചില്ല.
എന്നാൽ ലോകകപ്പ് സ്‌ക്വാഡിലെ എല്ലാ ആരാധകരെയും മുൻ താരങ്ങളെയും ഞെട്ടിച്ചുകൊണ്ടുള്ള അശ്വിന്റെ വരവ് നായകൻ വിരാട് കോഹ്ലിയുടെ കൂടി താല്പര്യം പ്രകാരമാണ് എന്നും സൂചനകൾ വരുന്നുണ്ട്. ഐപിഎല്ലിലടക്കം മികച്ച രീതിയിൽ പന്തെറിഞ്ഞ അശ്വിനെ ടീം ഇന്ത്യക്ക് പവർപ്ലേ ഓവറുകളിൽ അടക്കം ഉപയോഗിക്കാം എന്നതും പ്രധാനമാണ്.
അതേസമയം ടി :20 ക്രിക്കറ്റ് ലോകകപ്പ് സെലക്ഷന് പിന്നാലെ വൈകാരികമായി തന്റെ സന്തോഷം തുറന്ന് പറയുകയാണ് അശ്വിൻ.വീണ്ടും ടി :20 ടീമിലേക്ക് തിരികെ വരുവാനും ഒപ്പം ലോകകപ്പിൽ ഒരിക്കൽ കൂടി ഇന്ത്യക്കായി പന്തെറിയുവാനും കഴിയുന്നതിൽ സന്തോഷം വിശദമാക്കിയ അശ്വിൻ തന്റെ കഷ്ടപാടുകളെ കുറിച്ചും വാചാലനായി.നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിന് ഒപ്പമാണ് അശ്വിനുള്ളത്. പരമ്പരയിൽ അശ്വിന് അവസരം ലഭിച്ചിട്ടില്ല.ഇപ്പോൾ മുപ്പത്തിനാലുകാരനായ അശ്വിൻ തന്റെ ട്വിറ്റർ പോസ്റ്റിലാണ് സന്തോഷം തുറന്ന് പറഞ്ഞത്.
ഇത് ഞാൻ ചുവരിൽ വെക്കുന്നതിനും മുൻപായി എന്റെ ഡയറിയിൽ ദശലക്ഷം തവണ ഈ ഉദ്ധരണി എഴുതിയിട്ടുണ്ട് എന്നും പറഞ്ഞ അശ്വിൻ ഒരു ഉദ്ധരണി ചിത്രവും പങ്കുവെച്ചു. “എന്നും ഓരോ തുരങ്കത്തിനും അതിന്റെ അറ്റത്ത് ഒരു വെളിച്ചമുണ്ട് പക്ഷേ വെളിച്ചത്തിൽ വിശ്വസിക്കുന്ന തുരങ്കത്തിലുള്ളവർ മാത്രമേ അത് എക്കാലവുംകാണാൻ ജീവിക്കൂ “. അന്താരാഷ്ട്ര ടി :20 ക്രിക്കറ്റ് കരിയറിൽ 46 മത്സരങ്ങളിൽ നിന്നായി അശ്വിൻ 52 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.