ക്രിക്കറ്റ് ആരാധകരുടെ എല്ലാം മുഴുവൻ പ്രതീക്ഷകൾക്കും അവസാനം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് പട്ടാഭിഷേകം. സതാംപ്ടണിൽ ഇന്നലെ അവസാനിച്ച ഫൈനലിൽ ടീം ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കെയ്ൻ വില്യംസൺ നയിക്കുന്ന കിവീസ് സംഘം പ്രഥമ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കിവീസ് ടീം ഇന്ത്യൻ ടീമിനെ എല്ലാ മേഖലയിലും പരാജയപ്പെടുത്തി നേടിയ വിജയമെന്നും ഫൈനലിനെ നമുക്ക് വിശേഷിപ്പിക്കാം. ഒന്നാം ഇന്നിങ്സിൽ 32 റൺസ് ലീഡ് കരസ്ഥമാക്കി ഫൈനലിൽ ശക്തമായ ആധിപത്യം ഉറപ്പിച്ച കിവീസ് ടീമിന് ആറാം ദിനം അനായാസം ഇന്ത്യൻ നിരയെ എറിഞ്ഞിടുവാൻ സാധിച്ചു.
എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എല്ലാം ഫൈനലിൽ ഏറെ സന്തോഷിപ്പിച്ച ഒരു വാർത്ത സമ്മാനിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം ഇന്നിങ്സിൽ മിന്നും ബൗളിംഗ് പ്രകടനവും ഒപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റും വീഴ്ത്തുന്ന ബൗളറായി മാറി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനായി 14 ടെസ്റ്റിൽ നിന്നും അശ്വിൻ 71 വിക്കറ്റുകൾ വീഴ്ത്തി തന്റെ കരിയറിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി.താരം ഫൈനലിൽ രണ്ട് ഇന്നിങ്സിലും പ്രധാനപ്പെട്ട 2 വിക്കറ്റുകൾ വീഴ്ത്തി.
കേവലം 139 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാൻഡ് ടീമിന് തുടക്കത്തിലേ ഓപ്പണർമാരെ എല്ലാം നഷ്ടമായത് തിരിച്ചടിയായെങ്കിലും അശ്വിൻ ഉയർത്തിയ വെല്ലുവിളികളെ മറികടന്ന വില്യംസൺ :ടെയ്ലർ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വിജയം സമ്മാനിച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നാലെ താരം എഴുപത് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർ പേസ് ബൗളർ പാറ്റ് കമ്മിൻസിനെ മറികടന്നു. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാല് തവണ 5 വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിൻ നാട്ടിലും ഒപ്പം വിദേശ ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ പ്രധാന ബൗളറായിരുന്നു.