ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഇത്തവണത്തെ ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ അവസാനം പന്തിലാണ് ഇന്ത്യ മറികടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യം പൊരുതിയെങ്കിലും മുൻ ഇന്ത്യ നായകൻ വിരാട് കോഹ്ലിയുടെയും ഹർദിക് പാണ്ഡ്യയുടെയും മികച്ച കളിയുടെ പിൻബലത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു.
അവസാന പന്തിൽ ഇന്ത്യക്ക് രണ്ട് റൺസ് വിജയിക്കാൻ വേണ്ടിയിരിക്കെ അശ്വിൻ ആയിരുന്നു ക്രീസിൽ. ആദ്യ പന്ത് വൈഡ് ആയപ്പോൾ സ്കോർ സമനിലയായി. അവസാന പന്ത് മനോഹരമായി പ്ലേസ് ചെയ്ത് അശ്വിൻ പാക്കിസ്ഥാന് തോൽവി സമ്മാനിച്ചു. അശ്വിന്റെ തന്ത്രപരമായ നീക്കം കാരണമാണ് ഇന്ത്യക്ക് വൈഡ് ലഭിക്കാൻ കാരണം. ബോൾ നോക്കി വെറുതെ ഷോട്ട് നേടാൻ മുതിരാതെ മാറി നിന്നതുകൊണ്ടാണ് ഇന്ത്യക്ക് ഒരു റൺസ് ലഭിച്ചത്. അതേസമയം ആ പന്ത് ടേൺ ചെയ്തിരുന്നെങ്കിൽ താരത്തിന്റെ കാലിൽ തട്ടി അവസാന റിസള്‍ട്ട് മറ്റൊന്നായേനെ.
ഇക്കാര്യത്തെക്കുറിച്ച് താരം സംസാരിക്കുകയും ചെയ്തു. തൻ്റെ ധീരമായ തീരുമാനത്തെ കുറിച്ച് ബി.സി.സി.ഐ ടിവിയോട് ആണ് അശ്വിൻ സംസാരിച്ചത്. ആ പന്ത് തിരിഞ്ഞ് വന്ന് പാഡുകളിൽ തട്ടിയെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു എന്ന് ആരോ എന്നോട് ചോദിച്ചു. ഞാൻ അപ്പോൾ തന്നെ വേഗം ഡ്രസ്സിംഗ് റൂമിലേക്ക് ഓടി ട്വിറ്ററിൽ എൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയേനെ. ട്വിറ്ററിൽ ഞാൻ എൻ്റെ വിരമിക്കൽ കുറിപ്പെഴുതും.
എൻ്റെ ക്രിക്കറ്റിലെ എല്ലാ മികച്ച അനുഭവങ്ങൾക്കും നന്ദി. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നെന്നും അശ്വിൻ ബി.സി. സി.ഐ ടിവിയോട് പറഞ്ഞു. ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നാലു പോയിന്റുകളുമായി ഗ്രൂപ്പ് രണ്ടിലെ പോയിൻ്റ് പട്ടികയിൽ ഒന്നാംസ്ഥാനത്താണ്. നാളെ സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും ഇന്ത്യ നാളെ സൗത്താഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നത്.