അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എല്ലാം പൂർത്തിയാക്കി ഇന്ത്യൻ താരങ്ങൾ അടക്കം ഐപിൽ പതിനാലാം സീസൺ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ക്രിക്കറ്റ് പ്രേമികളും ആവേശപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ രണ്ടാംപാദ മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേ ടീമുകൾ സ്‌ക്വാഡിലുള്ള താരങ്ങളെ എല്ലാം യൂഎഇയിൽ എത്തിക്കാനുള്ള തിരക്കിലാണ്. രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിലും മികവോടെ ഐപിൽ ടൂർണമെന്റ് നടത്താമെന്ന് ബിസിസിഐ വിശ്വസിക്കുന്നുണ്ട്.
എന്നാൽ ഐപിൽ മത്സരങ്ങൾ എല്ലാം തുടങ്ങുവാനിരിക്കെ ഇപ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന് ഒരു ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ.താരം ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലാണ് വളരെ മികച്ച ബൗളിംഗ് പ്രകടനം നടത്തിയതും ഒപ്പം ആരാധകരുടെ എല്ലാം മനസ്സിൽ ഇടം നേടിയതും. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ബൗളർമാരിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായ സിറാജ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ 14 വിക്കറ്റ് വീഴ്ത്തിയിരുന്നു.
മുഹമ്മദ് സിറാജ് കരിയറിൽ മുൻപോട്ട് പോകുന്ന കാലയളവിലെല്ലാം അവന്റെ ശക്തി എന്തെന്ന് തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട നെഹ്‌റ കരിയറിൽ ഏറെ കുതിക്കാൻ സിറാജിന് സാധിക്കും എന്നും വിശദമാക്കി.”അവൻ പരിചയസമ്പത്ത് നേടുംതോറും ഏറ്റവും മികച്ച പേസറായി മാറും. നിലവിൽ മനോഹരമായിട്ടാണ് സിറാജ് പന്തെറിയുന്നത്. സാഹചര്യങ്ങൾ മനസ്സിലാക്കി പന്തെറിയാനുള്ള കഴിവ് നമുക്ക് അവന്റെ ബൗളിങ്ങിൽ കാണാൻ സാധിക്കും. ലോർഡ്‌സ് ടെസ്റ്റ് ജയത്തിൽ 8 വിക്കറ്റുകൾ വീഴ്ത്തി അവന്റെ റേഞ്ച് കൂടി കാണിക്കുവാൻ സാധിച്ചു. “ആശിഷ് നെഹ്‌റ വാചാലനായി
എന്നാൽ ഒരിക്കലും തന്റെ ശക്തികളെ മറക്കുവാൻ സിറാജ് ശ്രമിക്കരുത് എന്നും നെഹ്‌റ മുന്നറിയിപ്പ് നൽകി. “മികച്ച ബൗളിംഗ് പ്രകടനവുമായി സിറാജ് ഇന്നും തിളങ്ങുന്നുണ്ട് എങ്കിലും ബൗളിങ്ങിൽ അവന്റെ കരുത്ത് എന്താണെന്ന് അവൻ മറക്കാൻ പാടില്ല. നിലവിൽ ഏറെ മികച്ച ഔട്ട് സ്വിങ്ങർ എറിയുന്ന അവന്റെ പ്രധാന ശക്തിയും അതാണ് . ഔട്ട് സ്വിങ്ങറുകൾ എറിയുന്നതിലെ മികവ് ഇനിയും സിറാജ് തുടരണം “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.