ആഷസ് ടെസ്റ്റിൽ മൊയിൻ അലിയുടെ ഉടായിപ്പ്. കയ്യോടെ പൊക്കി മാച്ച് റഫറി, കടുത്ത ശിക്ഷ.

ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ അവിചാരിത സംഭവങ്ങളുടെ ഒരു ഘോഷയാത്ര. ആദ്യ ദിവസത്തിനുശേഷം രണ്ടാം ദിവസവും വിചിത്രമായ ചില സംഭവങ്ങൾ ആഷസ് ആദ്യ ടെസ്റ്റിൽ അരങ്ങേറുകയുണ്ടായി. രണ്ടാം ദിവസം ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ മോയിൻ അലി തന്റെ കൈ ഉണക്കാനായി മൈതാനത്ത് സ്പ്രേ ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇത് കൃത്യമായി കണ്ടുപിടിച്ച മാച്ച് റഫറി അലിക്ക് മാച്ച് ഫിയുടെ 25% പിഴ വിധിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക മൊയിൻ അലി തന്നെ അടക്കണം എന്നതാണ് നിർദ്ദേശം. ഐസിസി പെരുമാറ്റചട്ടത്തിലെ ഒന്നാം ലെവലിലെ 2.20 വകുപ്പാണ് മോയിൻ അലി ലംഘിച്ചിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം അരങ്ങേറിയത്. ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ 89 ആം ഓവറിലാണ് സംഭവം നടന്നത്. അടുത്ത ഓവർ എറിയേണ്ടത് മോയിൻ അലിയായിരുന്നു. അതിനായി ബൗണ്ടറി ലൈനിൽ നിന്ന അലി തന്റെ നനഞ്ഞ കൈ ഉണക്കാനായി സ്പ്രേ അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. അമ്പയർമാരുടെ അനുമതി നേടാതെ ഒരു താരവും മൈതാനത്ത് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ പാടില്ല. അതിനാൽ തന്നെയാണ് അലി കുറ്റക്കാരനാണ് എന്ന് മാച്ച് റഫറി കണ്ടെത്തിയത്.

ശേഷം അലി കുറ്റം ഏറ്റുപറയുകയും ചെയ്തു. അതുകൊണ്ടുതന്നെ കൂടുതൽ വിശദീകരണം തേടാൻ അമ്പയർമാരും മറ്റും തയ്യാറായില്ല. പക്ഷേ കൈ ഉണക്കാൻ മാത്രമാണ് താൻ സ്പ്രേ അടിച്ചത് എന്ന് അലി ബോധിപ്പിച്ചു. ഇത് സത്യമാണെന്ന് തെളിഞ്ഞതോടെ മാച്ച് ഫീയുടെ 25% പിഴയായി വിധിക്കുകയായിരുന്നു. മാത്രമല്ല അലി പന്തിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചില്ല എന്നും ചിത്രങ്ങളിൽ നിന്ന് വ്യക്തമായി. അഥവാ അലി പന്തിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചിരുന്നുവെങ്കിൽ ശിക്ഷ ഒരു പക്ഷേ കഠിനമായേനെ. ഓൺ ഫീൽഡ് അമ്പയർമാരോടും മൂന്നാം അമ്പയറിനോടും കാര്യത്തിന്റെ വിശദീകരണം തിരക്കിയ ശേഷമാണ് റഫറി ഇത്തരമൊരു ശിക്ഷ അലിയ്ക്ക് നൽകിയത്.

മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അലി വിരമിക്കുകയുണ്ടായി. എന്നാൽ ആഷസ് പരമ്പരയ്ക്കായി അലി തിരിച്ചുവരികയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി മികച്ച ബോളിംഗ് പ്രകടനമാണ് അലി കാഴ്ചവച്ചത്. ഓസീസിന്റെ സ്റ്റാർ ബാറ്റർമാരായ ഹെഡ്, ഗ്രീൻ എന്നിവരുടെ വിക്കറ്റുകൾ അലി സ്വന്തമാക്കിയിരുന്നു. എന്നാൽ ആദ്യ ഇന്നിങ്സിൽ 17 പന്തുകളിൽ 18 റൺസ് മാത്രമേ അലിക്ക് നേടാൻ സാധിച്ചുള്ളൂ. ഇതിനുശേഷമായിരുന്നു ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത്.

Previous articleഅമ്പയര്‍മാരെ സമ്മര്‍ദത്തിലാക്കുന്നു. ഇന്ത്യന്‍ ടീമിനെതിരെ ഗുരുതര ആരോപണവുമായി നിതിന്‍ മേനോന്‍.
Next articleവിമർശനങ്ങൾ കാര്യമാക്കേണ്ട, രോഹിത് തന്നെ നായകനായി തുടരണം- പിന്തുണയുമായി സ്മിത്ത്.