തീപാറും ആഷസ്സ് പോരാട്ടം. തോല്‍ക്കാന്‍ ഒരുക്കമില്ലാതെ പാറ്റ് കമ്മിന്‍സ്. ഓസ്ട്രേലിയക്ക് 2 വിക്കറ്റ് വിജയം.

cummins ashes 1

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ മനോഹരിത നിറഞ്ഞ് നിന്ന മത്സരത്തില്‍, അഞ്ചാം ദിനം പാറ്റ് കമ്മിന്‍സിന്‍റെ (44*) ബാറ്റിംഗാണ് ഓസ്ട്രേലിയയെ വിജയത്തില്‍ എത്തിച്ചത്. സ്കോര്‍ – ഇംഗ്ലണ്ട് 393/8 d & 273 ഓസ്ട്രേലിയ – 386 & 282/8

ഒരു ഘട്ടത്തില്‍ തോല്‍വി കണ്ട ഓസ്ട്രേലിയയെ, ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലയണ്‍ – കമ്മിന്‍സ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ ആവേശ വിജയത്തില്‍ എത്തിച്ചത്. ഇരുവരും 55 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആവേശകരമായ അഞ്ചാം ദിനം മഴയിലൂടെയാണ് ആരംഭിച്ചത്. ബോളണ്ടിന്‍റെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയ ഇംഗ്ലണ്ടിന്, കൃത്യമായ ഇടവേളകളില്‍ ബ്രേക്ക് ത്രൂ ലഭിച്ചു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഖവാജയെ (65) പുറത്താക്കി സ്റ്റോക്സ് വീണ്ടും ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. എന്നാല്‍ കമ്മിന്‍സ് – ലയണ്‍ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ തല്ലികെടുത്തി.

ആവേശകരമായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബാറ്റിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ബാസ്ബോൾ രീതിയിൽ തന്നെയാണ് ഇംഗ്ലണ്ട് കളിച്ചു തുടങ്ങിയത്. ഇംഗ്ലണ്ടിനായി ആദ്യ ദിവസം ജോ റൂട്ട് ആയിരുന്നു നിറഞ്ഞാടിയത്. റൂട്ട് ആദ്യ ഇന്നിങ്സിൽ 152 പന്തുകൾ നേരിട്ട് 118 റൺസ് നേടി. ഈ ഇന്നിംഗ്സിന്റെ ബലത്തിൽ ആദ്യ ഇന്നിങ്സിൽ 393 റൺസാണ് ഇംഗ്ലണ്ട് നേടിയത്. എന്നാൽ രണ്ടു വിക്കറ്റുകൾ അവശേഷിച്ചിട്ടും ആദ്യദിനം തന്നെ ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത് പലരെയും ഞെട്ടിച്ചിരുന്നു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
FzFUwJFXsBUt1g6

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ കളിച്ചു. ഓപ്പണർ ഖവാജ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ നെടുംതൂണായി മാറി. ഇന്നിംഗ്സിൽ 141 റൺസായിരുന്നു ഖവാജ നേടിയത്. ശേഷം മധ്യനിരയിൽ അലക്സ് കെയറി(66) ഹെഡ്(50) എന്നിവർ കൂടി മികച്ച പിന്തുണ നൽകിയതോടെ ഓസ്ട്രേലിയൻ സ്കോർ കുതിച്ചു. ആദ്യ ഇന്നിങ്‌സിൽ 386 റൺസാണ് ഓസ്ട്രേലിയ നേടിയത്. എന്നിരുന്നാലും ഇംഗ്ലണ്ടിന് മുൻപിൽ ഏഴ് റൺസിന്റെ ലീഡ് ഓസ്ട്രേലിയക്ക് വഴങ്ങേണ്ടിവന്നു.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് എത്രയും വേഗതയിൽ സ്കോർബോർഡ് ചലിപ്പിക്കാൻ തന്നെയാണ് ശ്രമിച്ചത്. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ഇംഗ്ലണ്ട് നിരയിലെ പല ബാറ്റർമാർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വലിയ ഇന്നിംഗ്സുകളാക്കി മാറ്റുന്നതിൽ എല്ലാവരും പരാജയപ്പെട്ടു. ജോ റൂട്ട്(46) ഹാരി ബ്രുക്ക്(46) സ്റ്റോക്ക്സ്(43) എന്നിവർ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് പ്രതീക്ഷകൾ നൽകി. എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 273 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 281 റൺസായി മാറുകയായിരുന്നു.

Scroll to Top