2006 ലാഹോറിൽ പാകിസ്ഥാനെതിരെ വീരേന്ദർ സേവാഗ് നടത്തിയ കടന്നാക്രമണസമയത്താണ് ജോൺ എഡ്റിച്ച് എന്ന പേര് ക്രിക്കറ്റ് ലോകം കൂടുതൽ ശ്രദ്ധിക്കുന്നത് .അന്ന് പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച വീരു 247 പന്തിൽ നേടിയ 254 റൺസ് ഇന്നിങ്സിൽ 47 ഫോറുകളാണ് പിറന്നത് .
ടെസ്റ്റ് ചരിത്രത്തിലെ 1781 ആം ടെസ്റ്റിൽ സേവാഗ് അഞ്ച് ഫോറുകൾ കൂടി നേടിയിരുന്നെങ്കിൽ 393 ടെസ്റ്റ് മുതൽ ജോൺ എഡ്റിച്ച് ഇന്നും കാത്തുസൂക്ഷിക്കുന്ന 1965 മുതലുള്ള ഒരു പഴക്കമേറിയ റെക്കോർഡിന് ഇളക്കം തട്ടുമായിരുന്നു. വർഷം 55 കഴിഞ്ഞു ഒടുവിൽ തൻറെ 83 ആം വയസ്സിൽ ലോകത്തോട് വിട പറയുമ്പോഴും ജോൺ ആ വലിയ റെക്കോർഡ് സൂക്ഷിപ്പുകാരനായി തന്നെയാണ് ജീവിതത്തിൽ നിന്നും വിട പറഞ്ഞത് .1930ൽ ബ്രാഡ്മാൻ ഇംഗ്ളണ്ടിനെതിരെ നേടിയ 334 റൺ ഇന്നിങ്ങ്സിൽ സ്ഥാപിച്ച 46 ഫോറുകളുടെ റെക്കോർഡ് ആണ് അന്ന് എഡറിച്ച് മറി കടന്നത് .അതു കൂടാതെ എഡ്റിച്ചിൻ്റെ ഇന്നിങ്സിൽ 5 സിക്സറുകൾ കൂടി ഉണ്ടായിരുന്നുവെന്നത് എത്ര ആധികാരികമായിരിക്കാം ആ ഇന്നിങ്സ് എന്നത് ഊഹിക്കാൻ പറ്റുന്നതേയുള്ളൂ .
ഏകദിന ക്രിക്കറ്റ് എന്ന സങ്കല്പത്തെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലാത്ത ആ സമ്പൂർണ്ണ ടെസ്റ്റ് കാലഘട്ടത്തിൽ എഡ്റിച്ച് ന്യൂസിലൻഡിനെതിരേ കൊടുങ്കാറ്റിൻ്റെ വേഗതയിൽ നടത്തിയ ആക്രമണം അക്കാലത്ത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു .ജെഫ് ബെയ്ക്കോട്ടിന് പരിക്കേറ്റത് കൊണ്ട് മാത്രം കളിക്കാൻ അവസരം കിട്ടിയ എഡ്റിച്ച് വെറും 342 മിനിറ്റുകളും 450 പന്തുകളും മാത്രം കളിച്ച് പുറത്താകാതെ 310 റൺസടിച്ചപ്പോൾ പിറന്നത് 52 ഫോറുകളും 5 സിക്സറുകളും .അതേ ഇന്നിങ്സിൽ 163 റൺ അടിച്ച കെൻ ബാരിങ്ങ്ടണിൻ്റെ തികവുറ്റ ഇന്നിങ്സിനെ ആരും ഒന്ന് പരിഗണിച്ചത് പോലുമില്ല
ബോളർമാർക്ക് ആനുകൂല്യം മുതലെടുത്ത് കവി ബൗളർമാർ പന്തെറിഞ്ഞപ്പോൾ എഡ് റിച്ചിന് ആദ്യ റൺ എടുക്കാൻ വേണ്ടി വന്നത് 30 മിനുട്ടുകൾഎന്നാൽ പിന്നീട് അടവു മാറ്റി നൂറു കടന്ന്, 150 കടന്ന് ആദ്യദിനം കളി കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് 1 വിക്കറ്റിന് 366 എന്ന ശക്തമായ നിലയിലായിരുന്നു .എഡ്റിച്ച് 194 ലും ബാരിങ്ങ്ടൺ 152 ലും .
അടുത്ത ദിവസം രാവിലെ ബാരിങ്ങ്ടൻ 11 റൺസ് കൂടി കൂട്ടിച്ചേർത്തു മടങ്ങുമ്പോഴേക്കും രണ്ടാം വിക്കറ്റിൽ 369 പിറന്നിരുന്നു. എഡ് റിച്ച് അപ്പോൾ 199 ൽആയിരുന്നു .ഒടുവിൽ ചരിത്രമായ 50 ആം ഫോറിലൂടെ 300 റൺ മറി കടക്കുമ്പോൾ ട്രിപ്പിൾ സെഞ്ച്വറി നേട്ടം കൈവരിച്ച. 7 ആമൻ മാത്രമായിരുന്നു അദ്ദേഹം .അധികം വൈകാതെ ക്യാപ്റ്റൻ മൈക്ക് ഡെന്നീസ് ഇനിങ്ങ്സ് ഡിക്ലയർ ചെയ്യുമ്പോൾ എഡ്റിച്ച് പുറത്താകാതെ 310 റൺസിലായിരുന്നു .
നേടിയ റൺസിൽ 238 ഉം പിറന്നത് ബൗണ്ടറിലൂടെ ആയിരുന്നു .അതായത് 76.77% .പിന്നീട് അതിനടുത്തെങ്കിലും എത്തിയത് 293 പന്തിൽ 202 റൺസ് അടിച്ച ഇന്നിങ്ങ്സിൽ സെവാഗിൻ്റെ 69% ശതമാനം ആയിരുന്നു .എഡ് റിച്ചിൻ്റെ അന്നത്തെ സ്ട്രൈക്ക് റേറ്റ് ഒരു ടെസ്റ്റ് ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം സ്വപ്നമായിരുന്നു .
അന്ന് കമൻററ്റർമാർ പറയുകയുണ്ടായി .അരമണിക്കൂർ കൂടി കിട്ടിയിരുന്നെങ്കിൽ ഗാരി സോബേഴ്സിൻ്റെ റെക്കോർഡ് ആയ 365 റൺസ് എഡ്റിച്ച് വളരെ എളുപ്പത്തിൽ മറികടന്നേനെ എന്ന് .മറുപടിയിൽ ന്യൂസിലൻഡ് 193 നും 166 നും പുറത്തായപ്പോൾ ഇംഗ്ലണ്ട് വിജയം ഇന്നിങ്ങ്സിനും 157 റൺസിനുമായിരുന്നു .എഡ് റിച്ച് ആകെ നേടിയതിനെക്കാൾ വെറും 49 റൺസ് മാത്രം അധികം.
ഒരു ക്രിക്കറ്റ് ഫാമിലിയിൽ നിന്നും വന്ന എഡ് റിച്ചിൻ്റെ നാല് കസിൻസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാരായിരുന്നു.അതിൽ ഒരാൾ ആകട്ടെ ഇംഗ്ലണ്ടിനു വേണ്ടി 40 തവണ കുപ്പായമണിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഘട്ടത്തിൽ എഡ് റിച്ചിൻ്റെ തുടർച്ചയായ 9 ഇന്നിംഗ്സുകൾ ഇങ്ങനെയായിരുന്നു . 139, പുറത്താകാതെ 121, പുറത്താകാതെ 205 ,55,96, 188, 92 ,105, പുറത്താകാതെ 310 .1970 / 71 ൽ 6 ടെസ്റ്റിൽ 648 റൺസടിച്ച എഡ്റിച്ച് 2006 മിനിറ്റ് ക്രീസിൽ നിന്ന് 1912 ൽ വാലി ഹാമണ്ട് സ്ഥാപിച്ച റെക്കോർഡ് തിരുത്തിയെഴുതുകയുണ്ടായി
അതേ വർഷം തുടർച്ചയായി 10 ടെസ്റ്റിൽ 4 സെഞ്ചുറികളും 6 അർധ സെഞ്ചുറികളും നേടി തുടർച്ചയായി 10 തവണ 50 ലധികം റൺ നേടി സ്ഥാപിച്ച ലോക റെക്കോർഡ് 12 ആക്കി തിരുത്തിയത് എബി ഡിവില്ലിയേഴ്സ് ആയിരുന്നു
ആദ്യമായി 1971 ൽ ഏകദിന ക്രിക്കറ്റ് ഉദയം ചെയ്തപ്പോൾ ബെയ്ക്കോട്ടിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത എഡ്റിച്ച് ചരിത്രത്തിലെ ആദ്യത്തെ ബൗണ്ടറിക്കും ഉടമയായി . അന്ന് 119 പന്തിൽ 82 റൺ നേടി മത്സരത്തിലെ ടോപ് സ്കോറർ ആയി ചരിത്രത്തിലെ ആദ്യത്തെ മാൻ ഓഫ് ദ മാച്ച് കരസ്ഥമാക്കി ചരിത്ര പുസ്തകത്തിൽ പേരെഴുതി .
77 ടെസ്റ്റുകളിൽ 43.5 ശരാശരിയിൽ 5138 നേടിയ എഡ്റിച്ചിന് 12 സെഞ്ച്വറികളും 54 അർധ സെഞ്ചുറികളും സ്വന്തമായുണ്ട് .തനിക്ക് നന്നായി തിളങ്ങാൻ പറ്റുമായിരുന്ന ഏകദിന ക്രിക്കറ്റിൽ അവസാനകാലത്ത് 7 മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ച എഡ് റിച്ച് 37.16 ശരാശരിയിൽ 277 റൺസ് നേടി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ എന്ന അപൂർവ നേട്ടം നേടിയ ലോകത്തെ 25 ആളുകളിൽ ഒരാളാണ് എഡ് റിച്ച്. 564 മത്സരങ്ങൾ കളിച്ച അദ്ദേഹം 103 സെഞ്ചുറികൾ സഹിതം 39,790 റൺസ് നേടിയിട്ടുണ്ട്. 1981 ൽ റിട്ടയർ ചെയ്ത അദ്ദേഹം 1995 ൽ ഇംഗ്ലണ്ട് ബാറ്റിംഗ് കോച്ച് ആയി സേവനമനുഷ്ഠിച്ചിരുന്നു. 2006 അദ്ദേഹം തൻ്റെ കൗണ്ട് ക്ലബായ സറെയുടെ പ്രസിഡണ്ടും കൂടിയായിരുന്നു. 2000 ൽ ലുക്കേമിയ സ്ഥിതീകരിച്ച ശേഷം വൈദ്യശാസ്ത്രം ഏഴുവർഷം മാത്രം ആയുസ്സ് പറഞ്ഞപ്പോൾ ക്രീസിൽ അദ്ദേഹം കാണിച്ച ആത്മധൈര്യം ജീവിതത്തിലും കാണിച്ചപ്പോൾ അദ്ദേഹത്തിന് പിന്നെയും ഒരുപാട് വർഷം ജീവിക്കാൻ പറ്റി .
എഴുതിയത് – Dhanesh Damodaran