ഈ വെള്ളിയാഴ്ചയാണ് പുതിയ ഐപിഎൽ സീസണിന് തുടക്കം കുറിക്കുന്നത്. 2019 ന് ശേഷം ഇത് ആദ്യമായാണ് ഐപിഎല്ലിൽ ഹോം-എവേ രീതിയിൽ മത്സരങ്ങൾ തിരിച്ചെത്തുന്നത്. ഇത്തവണത്തെ സീസണിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം പുറത്തെടുത്ത മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായിട്ടായിരുന്നു സീസൺ അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യം തന്നെയായിരിക്കും രോഹിത് ശർമക്കും കൂട്ടർക്കും ഈ സീസണിൽ ഉണ്ടാകുക. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് മുംബൈ ഇന്ത്യൻസ് വിജയിച്ചത്.
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് ഇത്തവണ വലിയ തിരിച്ചടിയാകുക പരിക്ക് മൂലം സീസൺ നഷ്ടമായ ജസ്പ്രീത് ബുംറയുടെ അഭാവം ആയിരിക്കും. പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ ജൈ റിച്ചാർഡും ടീമിന് പുറത്താണ്. ഇത്തവണത്തെ മുംബൈ ഇന്ത്യൻസിന്റെ ശക്തമായ പ്ലേയിംഗ് ഇലവനിൽ ആരൊക്കെ സ്ഥാനം നേടും എന്ന് പരിശോധിക്കണം. ഓപ്പണിങ്ങിൽ നായകൻ രോഹിത് ശർമയുടെ കൂടെ യുവതാരം ഇഷാൻ കിഷൻ തന്നെയായിരിക്കും ഇറങ്ങുക. കഴിഞ്ഞ സീസണിലും ഇരുവരും തന്നെയായിരുന്നു മുംബൈയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇഷാൻ കിഷനാണ് കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ.
സൗത്താഫ്രിക്കയുടെ ജൂനിയർ എ.ബി.ഡി എന്നറിയപ്പെടുന്ന യുവതാരം ഡെവാൾഡ് ബ്രെവിസ് ആയിരിക്കും മുംബൈ ഇന്ത്യൻസിനു വേണ്ടി മൂന്നാം നമ്പറിൽ ഇറങ്ങുക. നാലാമനായി നീലപ്പടക്ക് വേണ്ടി ഇറങ്ങുക ഇന്ത്യൻ യുവതാരം തിലക് വർമ്മയായിരിക്കും. തൻ്റെ ആദ്യ സീസണിൽ തന്നെ പക്വതയാർന്ന പ്രകടനം കാഴ്ചവച്ച് ജനശ്രദ്ധ നേടിയ താരമാണ് തിലക് വർമ്മ. തിലക് വർമ്മക്ക് ശേഷം ഇറങ്ങുക 20-20യിലെ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവ് ആയിരിക്കും. സൂര്യകുമാർ യാദവിന് ശേഷം ക്രീസിൽ എത്തുക ഓസ്ട്രേലിയൻ സൂപ്പർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആയിരിക്കും. ഇത്തവണത്തെ ലേലത്തിൽ 17.5 കോടി രൂപക്കാണ് ഓസ്ട്രേലിയൻ സൂപ്പർതാരത്തെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിച്ചത്.
ഗ്രീൻ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടിയാൽ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ ടിം ഡേവിഡിന് ടീമിലെ സ്ഥാനം നഷ്ടമാകും. ജോഫ്രെ ആർച്ചർ ആയിരിക്കും ഗ്രീൻ കഴിഞ്ഞാൽ മുംബൈ ഇന്ത്യൻസ് ഇലവനിൽ കളിക്കുക. ആർച്ചറുടെ മുംബൈ ഇന്ത്യൻസിലെ ആദ്യ സീസൺ ആണ് ഇത്. ബുംറയുടെ അഭാവത്തിൽ മുംബൈയുടെ ബൗളിംഗ് ചുമതല ഈ ഇംഗ്ലണ്ട് താരത്തിന് ആയിരിക്കും. വലിയ പ്രതീക്ഷയാണ് ഈ താരത്തിന് മുകളിൽ മുംബൈക്കുള്ളത്. ബുംറയുടെ അഭാവത്തിൽ പേസ് ബൗളിംഗ് നിലയിലേക്ക് വരാൻ സാധ്യത ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകനായ അർജുൻ ടെണ്ടുൽക്കർ ആയിരിക്കും. 2021 മുതൽ മുംബൈയുടെ കൂടെയുള്ള അർജുൻ ഇതുവരെയും മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. മുംബൈയുടെ മറ്റു ബൗളർമാർ കുമാർ കാർത്തികേയ, ശ്യാംസ് മ്യൂലാനി, ജേസൺ ബെറൻഡോർഫ് എന്നിവരായിരിക്കും.