പഞ്ചാബിനെതിരായ മത്സരത്തിൽ 50 റൺസിന്റെ കൂറ്റൻ വിജയമാണ് സഞ്ജുവിന്റെ രാജസ്ഥാൻ ടീം സ്വന്തമാക്കിയത്. നായകൻ എന്ന നിലയിൽ തിരിച്ചുവന്ന സഞ്ജു സാംസണിന്റെ മികച്ച പ്രകടനവും മത്സരത്തിൽ കാണാൻ സാധിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറുകളിൽ 205 റൺസാണ് സ്വന്തമാക്കിയത്. ഓപ്പണർ ജയസ്വാളിന്റെ അർധ സെഞ്ച്വറിയാണ് രാജസ്ഥാനെ മത്സരത്തിൽ സഹായിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന്റെ ഇന്നിംഗ്സ് കേവലം 155 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.
ജോഫ്ര ആർച്ചറുടെയും സന്ദീപ് ശർമയുടെയും മികച്ച ബോളിംഗ് പ്രകടനം മത്സരത്തിൽ തങ്ങൾക്ക് ഗുണം ചെയ്തു എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്. “ബാറ്റിംഗിൽ ഞങ്ങൾക്ക് പവർപ്ലേ ഓവറുകളിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അതുകൊണ്ടുതന്നെ അല്പം പതിയെയാണ് ഞങ്ങൾ മുൻപോട്ട് പോകുന്നത് എന്ന് തോന്നിയിരുന്നു. പക്ഷേ ഞങ്ങൾക്ക് നിലവാരമുള്ള ബാറ്റർമാർ ഉണ്ടായിരുന്നു. ഈ വിക്കറ്റിൽ 205 എന്നത് വലിയൊരു സ്കോർ തന്നെയായിരുന്നു. യുവതാരങ്ങൾ അടങ്ങിയ ബാറ്റിംഗ് ലൈനപ്പാണ് ഞങ്ങളുടെത്. അവർ പ്രായത്തിന് യുവതാരങ്ങൾ ആണെങ്കിലും ഒരുപാട് മത്സരങ്ങൾ കൗണ്ടി ക്രിക്കറ്റിൽ കളിച്ചിട്ടുള്ളവരാണ്. അവർക്ക് മത്സരം കൃത്യമായി നിയന്ത്രിക്കാനും നന്നായി കളിക്കാനും സാധിക്കുന്നു.”- സഞ്ജു പറഞ്ഞു.
“ആർച്ചറും സന്ദീപ് ശർമയുമാണ് ഞങ്ങളുടെ കരുത്ത്. ഇരുവരും ഒരു മരണ കോംബോ തന്നെയാണ്. ഒരാൾ 150 സ്പീഡിൽ പന്തറിയുമ്പോൾ മറ്റേയാൾ 115 സ്പീഡിൽ പന്തറിയുന്നു. സമ്മർദ്ദം വരുന്ന ഓവറുകളിൽ ഞാൻ അവരെ എല്ലായിപ്പോഴും കൂടുതൽ വിശ്വസിക്കാറുണ്ട് ആർച്ചറെ സംബന്ധിച്ച് ഒരുപാട് വേഗതയിൽ പന്തറിയാൻ അവന് സാധിക്കാറുണ്ട്. നമുക്ക് എപ്പോഴും അത്തരത്തിൽ വേഗത്തിൽ പന്തറിയുന്ന താരങ്ങളെ വലിയ ഇഷ്ടമാണ്. കഴിഞ്ഞ 4 വർഷങ്ങളായി നന്നായി തന്നെ ഐപിഎല്ലിൽ പന്തറിയാൻ അവന് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച സ്പീഡിൽ പന്തെറിയുന്ന ഒരു താരം തന്നെയാണ് ആർച്ചർ.”- സഞ്ജു കൂട്ടിച്ചേർത്തു.
“മത്സരത്തിന്റെ അവസാന പന്ത് വരെ ഞങ്ങൾ ഒരിക്കലും ഒരു വിജയം ഉറപ്പിച്ചിരുന്നില്ല. ഞങ്ങൾ കൂടുതലായി ഞങ്ങളുടെ പ്രക്രിയയിൽ ശ്രദ്ധിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഫലം കൃത്യമായി ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. ടീമിനുള്ളിലെ മികച്ച കോമ്പിനേഷൻ കണ്ടെത്താനായി ഞങ്ങൾ കുറച്ച് സമയം ചിലവഴിച്ചു. മികച്ച ഒരു ലൈനപ്പും ബാറ്റിംഗ് ഓർഡറുമൊക്കെ ഞങ്ങൾക്ക് കണ്ടെത്തണമായിരുന്നു. മാത്രമല്ല പരിക്കും ഈ ടൂർണമെന്റിലെ ഒരു പ്രധാന ഘടകമാണ്. ഇതൊക്കെയും കണക്കിലെടുത്താണ് ടീം നിർമ്മിച്ചിരിക്കുന്നത്.”- സഞ്ജു പറഞ്ഞുവെക്കുന്നു.