വളരെ അപ്രതീക്ഷിതമായി ആയിരുന്നു ഇന്ത്യയുടെ ഓഫ്സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം കണ്ടെത്തിയത്. സ്‌ക്വാഡ് ആദ്യമായി പ്രഖ്യാപിക്കുമ്പോൾ അശ്വിൻ ലോകകപ്പിനുള്ള ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിന് ശേഷം അക്ഷർ പട്ടേലിന് പരിക്ക് പറ്റുകയും പകരക്കാരനായി അശ്വിനെ ഇന്ത്യ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.
ഇതിന് പിന്നാലെ അശ്വിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ സ്പിൻ ബോളർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകരോട് പ്രതികരിച്ചാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ അശ്വിന്റെ സെലക്ഷനെതിരെ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യ പലപ്പോഴും രവിചന്ദ്രൻ അശ്വിനായി സ്പിൻ പിച്ചുകൾ നിർമ്മിക്കാറുണ്ടെന്നും അതുമൂലമാണ് ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടുന്നത് എന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറയുന്നു. മാത്രമല്ല പലപ്പോഴും ഇന്ത്യയിൽ കൃത്രിമമായി സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് നിർമ്മിക്കുന്നതെന്നും ശിവ രാമകൃഷ്ണൻ പറഞ്ഞു. ഇത്തരം പിച്ചുകളിൽ വിക്കറ്റ് കണ്ടെത്താൻ ഏത് വിഡ്ഢിക്കും സാധിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. അശ്വിനെതിരെ ഇത്തരത്തിൽ വലിയ ആക്രമണങ്ങളാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ നടത്തിയിരിക്കുന്നത്.
“ഇന്ത്യയുടെ ബാറ്റർമാരൊക്കെയും സ്പിന്നിനെതിരെ പ്രയാസപ്പെടുകയാണ്. എന്തെന്നാൽ ഇന്ത്യയിലെ ടെസ്റ്റ് മാച്ച് പിച്ചുകളൊക്കെയും അശ്വിനായി നിർമ്മിക്കപ്പെട്ടവയാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ അശ്വിന്റെ റെക്കോർഡ് ഒന്ന് പരിശോധിച്ചു നോക്കൂ. എന്തായാലും ഇന്ത്യയിലെ കൃത്രിമമേറിയ ഇത്തരം പിച്ചുകളിൽ വിക്കറ്റ് കണ്ടെത്താൻ ഏത് വിഡ്ഢിക്കും സാധിക്കും. എയർപോർട്ടിൽ നിന്ന് നേരെ മൈതാനത്തെത്തി, ഗ്രൗണ്ട് സ്റ്റാഫിനോട് മൈതാനത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ കൃത്രിമം കാട്ടണം എന്ന് പറഞ്ഞു കൊടുക്കുക. ഇതൊക്കെ ഞാൻ എന്റെ സ്വന്തം കണ്ണിൽ പലതവണ കണ്ടിട്ടുള്ള കാര്യങ്ങളാണ്.”- ശിവരാമകൃഷ്ണൻ പറയുന്നു.
“ഇതുവരെ ഇന്ത്യക്കായി 378 വിക്കറ്റുകൾ ആണ് രവിചന്ദ്രൻ അശ്വിൻ നേടിയിട്ടുള്ളത്. അവൻ ഇപ്പോഴും ഇന്ത്യൻ ടീമിൽ കളിക്കുന്നതിന് കാരണം, മറ്റൊരു താരം ഇല്ലാത്തത് തന്നെയാണ്. ഫീൽഡിങ്ങിൽ അശ്വിൻ ഒരു ബാധ്യതയാണ്. മാത്രമല്ല ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഒട്ടും ഫിറ്റ്നസ് ഇല്ലാത്ത കളിക്കാരനാണ് അശ്വിൻ എല്ലാത്തിനും എല്ലാവർക്കും ഓരോ എക്സിക്യൂസുകളുണ്ട്. “- ശിവരാമകൃഷ്ണൻ പറഞ്ഞു. ഇത്തരം കമന്റുകൾ വന്നതിനുശേഷം ഒരു ട്വിറ്റർ യൂസർ ‘ശിവരാമകൃഷ്ണന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ’ എന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. എന്നാൽ ‘അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല, ഇത് ഞാൻ തന്നെയാണ്’ എന്ന് ശിവരാമകൃഷ്ണൻ മറുപടിയും നൽകി.