കേരളത്തിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും വീഴ്ത്തി ഹരിയാന താരം അന്‍ഷുല്‍ കാംബോജ്. 30.1 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ ഈ പ്രകടനം. മീഡിയം പേസ് ബൗളറായ താരം 9 മെയ്ഡനുകള്‍ എറിയുകയും ചെയ്തു.
ആദ്യ ഇന്നിംഗ്സില്‍ കേരളം 291 റണ്‍സില്‍ പുറത്തായി. 59 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് ടോപ്പ് സ്കോറര്‍. രോഹന്‍ കുന്നുമല്‍ (55) മുഹമ്മദ് അസ്ഹറുദ്ദീന്‍ (53) സച്ചിന്‍ ബേബി (52) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഷോണ്‍ റോജര്‍ 42 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി.
ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് 23കാരനായ അന്‍ഷുല്‍ കാംബോജ്. 1956-57ൽ ബംഗാൾ താരം പ്രേമാൻശു മോഹന്‍ ചാറ്റര്‍ജി, 1985-86 രഞ്ജി സീസണില്‍ രാജസ്ഥാന്‍റെ പ്രദീപ് സുന്ദരം എന്നിവരാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയ ബൗളര്‍മാര്‍.