ഹിറ്റ്മാൻ സെഞ്ച്വറിക്ക്‌ മുൻപിൽ വീണ്ടും വീണു: അപൂർവ്വ നേട്ടങ്ങൾ ഇനി സ്വന്തം

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ് മത്സരത്തിന് ആവേശകരമായ തുടക്കം. ഒന്നാം ദിനം ഇന്ത്യൻ ടീമിന് മികച്ച ഒരു തുടക്കം സമ്മാനിച്ച് രോഹിത് :രാഹുൽ സഖ്യം ഇന്ത്യൻ ബാറ്റിംഗിലെ കരുത്തായി മാറിയപ്പോൾ അപൂർവ്വമായ ഏതാനും ചില നേട്ടങ്ങൾക്കും ലോർഡ്‌സ് ക്രിക്കറ്റ്‌ സ്റ്റേഡിയം സാക്ഷിയായി. ആദ്യ ടെസ്റ്റ് മത്സരത്തിലെ പോലെ രണ്ടാം ടെസ്റ്റിലും ടോസ് നഷ്ടമായ ഇന്ത്യൻ ടീമിന് വളരെ ആശ്വാസം നൽകുന്നതായി ഇന്ത്യൻ ടീം ഓപ്പണിങ് ബാറ്റിങ്.രോഹിത് ശർമ തന്റെ പതിവ് ശൈലിയിൽ മികവോടെ ബാറ്റിങ് തുടർന്നപ്പോൾ രാഹുൽ ഒരുവശത്ത് ഇംഗ്ലണ്ട് ബൗളർമാരെ തളർത്തി.83 റൺസ് അടിച്ചെടുത്ത രോഹിത്തിന്റെ കുറ്റി എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് പേസർ ജിമ്മി അൻഡേഴ്സൺ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രൂ സമ്മാനിച്ചത്.

എന്നാൽ മത്സരത്തിൽ സ്വപ്നതുല്യമായ പല നേട്ടങ്ങളും രോഹിത്തിന്റെ പേരിൽ സ്വന്തമായി. തുടക്ക ഓവറുകളിൽ ഏറെ ശ്രദ്ധയോടെ കളിച്ച രോഹിത് തന്റെ ആദ്യ ബൗണ്ടറി നേടിയത് പോലും പതിമൂന്നാം ഓവറിൽ മാത്രമാണ്. ഇംഗ്ലണ്ട് പേസ് ബൗളർമാർ എല്ലാം സ്വിങ്ങ് ബൗളിംഗ് മികവിനാൽ വെല്ലുവിളികൾ ഉയർത്തി എങ്കിലും രോഹിത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പിന്നീട് ബാറ്റേന്തി. മനോഹര കവർ ഡ്രൈവുകളും പുൾ ഷോട്ടുകളും കളിച്ച രോഹിത് 145 പന്തിൽ നിന്നും 11 ഫോറും ഒരു സിക്സും അടക്കമാണ് 83 റൺസ് അടിച്ചെടുത്തത്.മറ്റൊരു ടെസ്റ്റ് സെഞ്ച്വറിയിലേക്കെന്ന് ആരാധകരെല്ലാം പ്രതീക്ഷിച്ചെങ്കിലും അൻഡേഴ്സന്റെ ഒരു ഇൻസ്വിങ്ങർ താരത്തെ വീഴ്ത്തി.

അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ പതിമൂന്നാം അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ലോർഡ്സിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ ദിനം തന്നെ അർദ്ധ സെഞ്ച്വറി 1959ന് ശേഷം നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാനാണ്.ഒപ്പം ഇംഗ്ലണ്ടിൽ ഏറ്റവും അധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയ വിദേശ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ 16 ഫിഫ്റ്റി പ്ലസ് സ്കോറുകളുമായി രോഹിത് ശർമ മൂന്നാമത് എത്തി.2021ൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും അധികം റൺസ് സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ രണ്ടാമത് എത്തുവാനും രോഹിത്തിന് കഴിഞ്ഞു.മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയ ജോഡിയായി മാറുവാനും 126 റൺസിന്റെ ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പിന് ഒപ്പം രാഹുലിനും രോഹിത് ശർമ്മക്കും സാധിച്ചു.

Previous articleഅവന്റെ മികവ് ആരും മനസ്സിലാക്കുന്നില്ല :അശ്വിനെ വീണ്ടും ഒഴിവാക്കിയതിൽ ഉത്തരവുമായി സെവാഗ്
Next articleവീണ്ടും അത്ഭുത നേട്ടവുമായി രോഹിത് :രാഹുൽ ജോഡി -കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം