ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ആരംഭിക്കിന്നുതിന് മുൻപായി മലയാളി താരം സഞ്ജു സാംസന്റെ അസ്ഥിരതയെ എടുത്തുകാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട് എന്ന് കുംബ്ലെ പറയുന്നു.
എന്നാൽ കൃത്യമായി സ്ഥിരത കൈവരിക്കാൻ സഞ്ജു ശ്രമിക്കണമെന്നാണ് കുംബ്ലെ കൂട്ടിച്ചേർത്തത്. 2015ൽ സിംബാബ്വേയ്ക്കെതിരെയാണ് സഞ്ജു തന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയർ ആരംഭിച്ചത്. ഇതുവരെ 33 ട്വന്റി20 മത്സരങ്ങൾ കളിച്ച മലയാളി താരം 594 റൺസാണ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ 47 പന്തുകളിൽ 111 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇത് സഞ്ജുവിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് കുംബ്ലെ പറയുന്നു. “സഞ്ജു സാംസനെ ദീർഘകാലത്തേക്ക് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന രീതിയിൽ വലിയ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി അവന് ഒരുപാട് ആത്മവിശ്വാസം നൽകിയിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു. സഞ്ജു സാംസൺ എത്രമാത്രം കഴിവുള്ള വ്യക്തിയാണ് എന്ന് നമുക്ക് കൃത്യമായി അറിയാം. അവനൊരു ക്ലാസ് താരമാണ്”- കുംബ്ലെ പറഞ്ഞു.
മുൻനിരയിൽ ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജുവിന് കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുന്നത് എന്ന് കുംബ്ലെ അംഗീകരിക്കുന്നു. “സഞ്ജുവിന്റെ ഏക പ്രശ്നം അസ്ഥിരതയാണ്. അതേ സംബന്ധിച്ച് ഇന്ത്യൻ സെലക്ടർമാർ ചർച്ച ചെയ്തിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്. മുൻനിരയിലാണ് സഞ്ജുവിനെ കളിപ്പിക്കേണ്ടത് എന്നെനിക്ക് തോന്നുന്നു. ഒന്നോ രണ്ടോ മൂന്നോ നമ്പറുകളിൽ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അവന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ബാക്ക് ഫുട്ടിൽ ശക്തമായ ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു. മാത്രമല്ല പേസർമാർക്കെതിരെ വളരെ സമയം അവന് ലഭിക്കുകയും ചെയ്യുന്നുണ്ട്. സ്പിന്നർമാർക്കെതിരെയും ആക്രമണം അഴിച്ചുവിടാൻ അവന് കഴിയും. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ 4 മത്സരങ്ങളിൽ അവൻ ഏതുതരത്തിൽ പ്രകടനം കാഴ്ചവയ്ക്കും എന്നറിയാനാണ് ഞാൻ കാത്തിരിക്കുന്നത്.”- കുംബ്ലെ കൂട്ടിച്ചേർത്തു.
4 മത്സരങ്ങൾ അടങ്ങുന്ന ട്വന്റി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കാൻ ഒരുങ്ങുന്നത്. ആദ്യ മത്സരം നവംബർ 8 ഡർബനിലാണ് നടക്കുന്നത്. ശേഷം രണ്ടാം മത്സരം നവംബർ 10ന് നടക്കും നവംബർ 13 നും നവംബർ 15നുമാണ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. സീനിയർ താരങ്ങൾ ഉൾപ്പെടാത്ത ഒരു യുവനിര തന്നെയാണ് ഇത്തവണയും ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിൽ അണിനിരക്കുന്നത്. സൂര്യകുമാറാണ് ടീമിന്റെ നായകൻ.
Summary : Anil Kumble raises concerns over Sanju Samson’s consistency ahead of South Africa T20I series