കോഹ്ലിയെ കൂകി അധിക്ഷേപിച്ച് ഓസീസ് ഫാൻസ്‌. ദേഷ്യത്തോടെ തിരിച്ചെത്തി ചോദ്യം ചെയ്ത് വിരാട്.

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെ കൂകിവിളിച്ച് അധിക്ഷേപിച്ച് ഓസ്ട്രേലിയൻ ആരാധകർ. ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം കോഹ്ലി ആദ്യ ഇന്നിങ്സിൽ പുറത്തായ ശേഷമാണ് ഇത്തരത്തിൽ ആരാധകർ വളരെ മോശമായ പെരുമാറ്റം പുറത്തെടുത്തത്. മത്സരത്തിൽ 36 റൺസ് നേടി പുറത്തായ കോഹ്ലി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്താണ് ആരാധകർ കോഹ്ലിയെ കൂകിവിളികളുമായി അധിക്ഷേപിച്ചത്. ഇതുകണ്ട് കോഹ്ലി ദേഷ്യം പൂണ്ട് ഇറങ്ങി വരികയുണ്ടായി. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഗ്വാർഡ് കോഹ്ലിയെ ആശ്വസിപ്പിച്ച് തിരികെ ഡ്രസിങ് റൂമിലേക്ക് അയക്കുകയാണ് ചെയ്തത്.

വളരെ ദേഷ്യത്തിലായിരുന്ന കോഹ്ലി മനസ്സില്ലാ മനസ്സോടെയാണ് ഡ്രെസ്സിങ് റൂമിലേക്ക് നടന്നത്. ഇതിന് മുൻപും കോഹ്ലിയും ഓസ്ട്രേലിയൻ ആരാധകരും തമ്മിൽ ഇത്തരത്തിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. മുൻപ് മെൽബൺ വിമാനത്താവളത്തിൽ വച്ച് ഒരു ഓസ്ട്രേലിയൻ ജേർണലിസ്റ്റ് അനുവാദം കൂടാതെ തന്റെയും കുട്ടികളുടെയും ചിത്രം പകർത്താൻ ശ്രമിച്ചതിനെതിരെ കോഹ്ലി പ്രതികരിച്ചിരുന്നു. ഇതിന് ശേഷം ബോക്സിംഗ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കോഹ്ലിയുടെ ചില പ്രതികരണങ്ങളും വലിയ ചർച്ചാ വിഷയമായി മാറി.

ഓസ്ട്രേലിയയുടെ യുവതാരമായ കോൺസ്റ്റസിന് എതിരെയാണ് ആദ്യ ദിവസം കോഹ്ലി രംഗത്ത് എത്തിയത്. കോൺസ്റ്റസ് മത്സരത്തിന്റെ ആദ്യ ദിവസം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. ഈ സമയത്ത് കോഹ്ലി മൈതാനത്ത് കൂടി നടന്നു വരികയും താരത്തിന്റെ തോളിൽ ഇടിക്കുകയും ചെയ്തു. സഹതാരങ്ങളും അമ്പയർമാരും ചേർന്നാണ് കോഹ്ലിയെ ആശ്വസിപ്പിച്ചത്. ശേഷം മാച്ച് റഫറി കോഹ്ലിയ്ക്ക് മത്സരത്തിലെ ഫീസിന്റെ 20% പിഴ ചുമത്തുകയുണ്ടായി. ഒപ്പം ഒരു ഡിമെറിറ്റ് പോയിന്റും ഐസിസി കോഹ്ലിയ്ക്ക്മേൽ ചാർത്തിയിട്ടുണ്ട്.

എന്നാൽ ഇത്രയും ചെറിയ ശിക്ഷ കോഹ്ലിയ്ക്ക് നൽകിയതിനെതിരെ പോണ്ടിങ് അടക്കമുള്ള മുൻ താരങ്ങൾ രംഗത്ത് വരികയും ചെയ്തു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമായിരുന്നു മൈതാനത്ത് കോഹ്ലി കാഴ്ചവെച്ചത്. തന്റ ഇന്നിംഗ്സിൽ വളരെ കൃത്യതയോടെ തന്നെ ബാറ്റ് ചെയ്യാൻ കോഹ്ലിയ്ക്ക് സാധിച്ചു. എന്നാൽ നിർഭാഗ്യവശാൽ കോഹ്ലി 36 റൺസിൽ പുറത്താവുകയാണ് ഉണ്ടായത്. പേർത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി സ്വന്തമാക്കിയത് ഒഴിച്ചാൽ കോഹ്ലിയ്ക്ക് ഇതുവരെയും വമ്പൻ സ്കോർ സ്വന്തമാക്കാൻ ഈ പരമ്പരയിൽ സാധിച്ചിട്ടില്ല.

Previous articleരോഹിത് എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്. ബോളിംഗിലും ഫീൽഡിങ്ങിലും ബ്ലണ്ടർ. മുൻ താരങ്ങൾ രംഗത്ത്.