അടുത്തവർഷം ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പാക്കി എ ബി ഡിവില്ലിയേഴ്സ്. ഇത് ആദ്യമായിട്ടാണ് ഐപിഎൽ തുടങ്ങിയതുമുതൽ എ ബി ഡിവില്ലിയേഴ്സ് കളിക്കാത്ത ഒരു സീസൺ അരങ്ങേറിയത്. കഴിഞ്ഞ വർഷമായിരുന്നു ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ അറിയിച്ചത് .
ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിലൂടെയാണ് താരം കരിയർ തുടങ്ങിയത്. മൂന്ന് സീസണുകളിൽ താരം ഡൽഹിയിൽ കളിച്ചു. 2011 ബാംഗ്ലൂരിലെത്തിയ താരം പിന്നീടുള്ള 11 സീസണുകളിലും ബാംഗ്ലൂരിന് വേണ്ടിയാണ് കളിച്ചത്. ഇപ്പോഴിതാ ഐപിഎല്ലിലേക്കുള്ള തൻ്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
“വിരാട് അത് സ്ഥിരീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അടുത്ത വർഷം ഐപിഎല്ലിൽ ഉണ്ടാകും എന്നതിന് ഒരു സംശയവുമില്ല. അത് ഏത് സ്ഥാനത്താണെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ ഞാൻ തിരിച്ചു വരികയാണ്.”-എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
156 മത്സരങ്ങളിൽ നിന്ന് 4491 റൺസാണ് താരം ബാംഗ്ലൂരിന് വേണ്ടി ഐപിഎല്ലിൽ നേടിയിട്ടുള്ളത്. ഐപിഎൽ മൊത്തത്തിൽ 170 മത്സരങ്ങളിൽ നിന്നും 5162 റൺസ് താരം നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറികളും 40 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു.