വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈയുടെ ഇതിഹാസം. ഐപിഎൽ ഫൈനലിന് ശേഷം ക്രിക്കറ്റിനോട് വിട പറയും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റർ അമ്പട്ടി റായുഡു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ മത്സരത്തിനു ശേഷമാവും റായുഡു എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റായുഡു തന്റെ വിരമിക്കൽ സ്ഥിരീകരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗൽ ഇതുവരെ മികച്ച പ്രകടനങ്ങളാണ് റായുഡു കാഴ്ചവെച്ചിട്ടുള്ളത്. എന്നിരുന്നാലും 2023 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി വലിയ രീതിയിൽ തിളങ്ങാൻ റായുഡുവിന് സാധിച്ചിരുന്നില്ല. ഇതിനെതിരെ വലിയ വിമർശനങ്ങളും ഉയരുകയുണ്ടായി. ഇതിനു പിന്നാലെയാണ് റായുഡു വിരമിക്കൽ പ്രഖ്യാപിച്ചത്.

“ഏറ്റവും മികച്ച രണ്ട് ടീമുകൾ. മുംബൈയും ചെന്നൈയും. 204 മത്സരങ്ങൾ, 14 സീസണുകൾ, 11 പ്ലേയോഫുകൾ, 8 ഫൈനലുകൾ, 5 ട്രോഫികൾ. ഇന്ന് രാത്രി ആറാമത്തെ ട്രോഫി സ്വന്തമാക്കും എന്ന് കരുതുന്നു. ഇതൊരു വലിയ യാത്ര തന്നെയായിരുന്നു. ഇന്ന് നടക്കാൻ പോകുന്ന ഫൈനൽ ഐപിഎല്ലിലെ എന്റെ അവസാന മത്സരമാകും എന്ന് ഞാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വലിയ ടൂർണമെന്റ് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി.”- റായുഡു ട്വിറ്ററിൽ കുറിച്ചു.

Rayudu and Dhoni Ipl 2021

മുൻപ് 2019ൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും റായുഡു തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2019 ലെ ഏകദിന ലോകകപ്പിന് ശേഷമായിരുന്നു റായുഡുവിന്റെ വിരമിക്കൽ. എന്നാൽ അതിനുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കും ഐപിഎൽ ക്രിക്കറ്റിലേക്കും റായുഡു തിരിച്ചുവരികയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2010 മുതൽ 2017 വരെയുള്ള സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ അഭിവാജ്യ ഘടകമായിരുന്നു റായുഡു. ശേഷം 2018ൽ റായുഡു ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്നു.

ചെന്നൈക്കായും മികച്ച പ്രകടനങ്ങൾ തന്നെയാണ് റായുഡു പുറത്തെടുത്തിട്ടുള്ളത്. എന്നിരുന്നാലും ഈ വർഷം കൂടുതലായും ഇമ്പാക്ട് സബ്സിഡിയൂട്ട് ആയിയാണ് റായുഡു ചെന്നൈക്കായി ഇറങ്ങിയിരുന്നത്. ഈ സീസണിൽ 11 ഇന്നിങ്സുകൾ കളിച്ച റായുഡു കേവലം 139 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒന്നാമത്തെ ക്വാളിഫയറിൽ 9 പന്തുകൾ നേരിട്ട റായുഡു 17 റൺസും നേടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം ഇതുവരെ കാഴ്ചവയ്ക്കാൻ റായുഡുവിന് സാധിച്ചിട്ടില്ല. രോഹിത് ശർമ്മയ്ക്ക് കീഴിൽ 2013, 2015, 2017 എന്നീ സീസണിൽ റായിഡു കിരീടം സ്വന്തമാക്കിയിരുന്നു. ശേഷം 2018ലും 2021ലും ചെന്നൈ ടീം കിരീടം സ്വന്തമാക്കുമ്പോഴും റായുഡു ടീമിൽ ഉണ്ടായിരുന്നു.

Previous articleഋതുരാജിന് പകരക്കാരനായി ജയിസ്വാൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. വിപ്ലവത്തിനൊരുങ്ങി ഇന്ത്യൻ ടീം.
Next articleടോസ് പോലും ഇടാനാകതെ ഐപിഎല്‍ ഫൈനല്‍. മത്സരം തിങ്കളാഴ്ച്ച നടക്കും.