അന്ന് കോഹ്ലിയും ശാസ്ത്രിയും കാട്ടിയ മണ്ടത്തരം. 2019 ലോകകപ്പിലെ വിഡ്ഢിത്തം തുറന്ന് പറഞ്ഞ് കുംബ്ലെ.

2023 ഇന്ത്യൻ പ്രീമിയർ ലീഗോടുകൂടി എല്ലാത്തരം ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം അമ്പട്ടി റായുഡു. തന്റെ കരിയർ ഒരു കിരീട നേട്ടത്തോടെ അവസാനിപ്പിക്കാൻ റായുഡുവിന് സാധിച്ചത് വലിയ ഭാഗ്യമാണ്. ഇന്ത്യയ്ക്കായി തന്റെ കരിയറിൽ 55 ഏകദിന മത്സരങ്ങളും 6 ട്വന്റി20കളുമാണ് റായുഡു കളിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ നിരയിൽ സ്ഥിരമായി സ്ഥാനം കണ്ടെത്താൻ റായിഡുവിന് സാധിക്കാതെ വരികയുണ്ടായി. 2019 സമയത്ത് മികച്ച പ്രകടനങ്ങളായിരുന്നു ഇന്ത്യക്കായി റായുഡു കാഴ്ചവച്ചത്. അതിനാൽ തന്നെ 2019 ലോകകപ്പിൽ റായുഡു ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആ സമയത്ത് ഇന്ത്യൻ നിരയിൽ നാലാം നമ്പറിൽ കളിക്കാൻ പറ്റിയ ഏറ്റവും മികച്ച ഓപ്ഷനും റായുഡുവായിരുന്നു.

എന്നാൽ ഇന്ത്യ 2019ലെ 50 ഓവർ ലോകകപ്പിന് തൊട്ടുമുൻപ് റായിഡുവിനെ ടീമിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. പകരക്കാരനായി ഓൾറൗണ്ടർ വിജയ് ശങ്കറിനെയായിരുന്നു ഇന്ത്യ ഉൾപ്പെടുത്തിയത്. ഇത് പലർക്കും അത്ഭുതം സൃഷ്ടിച്ച കാര്യമായിരുന്നു. 2018 മുതൽ 2019 വരെ 21 ഏകദിനങ്ങൾ കളിച്ച റായുഡു 639 റൺസാണ് നേടിയിരുന്നത്. റായുഡുവിനെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യ നടത്തിയ ഈ വലിയ പരീക്ഷണം തീർത്തും പരാജയപ്പെടുകയായിരുന്നു ഉണ്ടായത്. ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്താവുകയും ചെയ്തു. ഇതിനുശേഷമായിരുന്നു റായിഡു 2019ൽ ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സമയത്ത് റായുഡുവിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ മണ്ടൻ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.

അന്ന് റായിഡുവിനെ ഇന്ത്യ പുറത്താക്കിയത് വളരെ അബദ്ധമായിരുന്നു എന്നാണ് അനിൽ കുംബ്ലെ പറഞ്ഞത്. “2019 ലോകകപ്പിൽ കളിക്കേണ്ട ആൾ തന്നെയായിരുന്നു റായുഡു. അക്കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അതൊരു വലിയ മണ്ടത്തരം തന്നെയായിരുന്നു. റായുഡുവിനെ ആ റോളിൽ കളിപ്പിക്കാനായി ഒരുപാട് നാൾ ഇന്ത്യ കാത്തിരുന്നു. പക്ഷേ സ്ക്വാഡ് തീരുമാനിച്ച സമയത്ത് അയാളുടെ പേര് അപ്രത്യക്ഷമായി. എന്നെ സംബന്ധിച്ച് അത് വളരെ അപ്രതീക്ഷിതം തന്നെയായിരുന്നു.”- കുംബ്ലെ പറഞ്ഞു.

ഇതിനുശേഷം റായുഡുവിന്റെ കരിയർ വലിയ രീതിയിൽ താഴേക്ക് പോവുകയായിരുന്നു. ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് റായുഡു എത്തുകയുണ്ടായി. അതിനുശേഷം ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യക്കായി 55 ഏകദിന മത്സരങ്ങൾ കളിച്ച റായുഡു 47 റൺസ് ശരാശരിയിൽ 1694 റൺസായിരുന്നു നേടിയിരുന്നത്. ഇത്ര മികച്ച റെക്കോർഡുള്ള റായുഡുവിന് മതിയായ അവസരങ്ങൾ നൽകാതിരുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ ദൗർഭാഗ്യകരം തന്നെയാണ്.

Previous articleധോണി ഇനിയും കളിക്കണം, എനിക്ക് അദ്ദേഹത്തിന്റെ കീഴിൽ വളരണം. കാര്യങ്ങൾ തുറന്നുപറഞ്ഞ് ദുബെ.
Next articleഫൈനലിൽ ഇന്ത്യയ്ക്ക് കിട്ടാൻ പോകുന്ന പണി ഇതായിരിക്കും. മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സൂചന ഇങ്ങനെ.