ഈ വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ വചാണ് ട്വൻറി-20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ച് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ ഇപ്രാവശ്യം കിരീടം തിരിച്ചുപിടിക്കണമെന്ന ലക്ഷ്യവുമായി തന്നെയായിരിക്കും ഇറങ്ങുക. കഴിഞ്ഞ ലോകകപ്പിൽ ആയിരുന്നു ചരിത്രത്തിലാദ്യമായി പാകിസ്ഥാനോട് ലോകകപ്പിൽ ഇന്ത്യ തോറ്റത്.
കഴിഞ്ഞ ലോകകപ്പിലെ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ ബൗളർമാരുടെ വീര്യത്തിന് മുന്നിൽ മറുപടി ഇല്ലാതെ അടിയറവു പറഞ്ഞ് ഒന്നൊന്നായി കൂടാരം കയറി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ്റെ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ കഴിയാതെ ബൗളർമാരും പരാജയപ്പെട്ടപ്പോൾ 10 വിക്കറ്റിനായിരുന്നു പാകിസ്ഥാനോട് ഇന്ത്യ അടിയറവ് പറഞ്ഞത്. കഴിഞ്ഞ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് തിരഞ്ഞെടുപ്പും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിൽ ഏറ്റവും വലിയ ചർച്ചകൾക്ക് കാരണമായ ഒന്നായിരുന്നു ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയത്.
ഇപ്പോഴിതാ ഇപ്രാവശ്യത്തെ ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയിക്കുമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ. ഇന്ത്യയ്ക്കെതിരെ വിജയിക്കുക പാകിസ്ഥാന് ഒട്ടും എളുപ്പമായിരിക്കില്ല എന്ന അഭിപ്രായമാണ് അക്തർ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ 23 ന് എംസിജിയിൽ വച്ച് നടക്കുന്ന പോരാട്ടത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.
“തങ്ങളുടെ റോളുകൾ കൃത്യമായി താരങ്ങൾക്ക് പറഞ്ഞ് കൊടുക്കാതെ വെറുതെ ഒരു ടീമിനെ ഇന്ത്യക്ക് പാകിസ്താനെതിരെ ഇറക്കാൻ സാധിക്കില്ല. മാനേജ്മെന്റ് ടീമിനെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം, അത് ഉറച്ച ടീമായിരിക്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഇക്കുറി പാക്കിസ്ഥാന് ഇതൊരു എളുപ്പത്തിൽ ഉള്ള വാക്കോവറായിരിക്കില്ല.ഇന്ത്യ ടൂർണമെന്റിനായി ശരിയായ ടീമിനെ തിരഞ്ഞെടുത്താൽ, അവർക്ക് പാകിസ്ഥാനെ തോൽപ്പിക്കാൻ വളരെ നല്ല അവസരമുണ്ട്. ഇന്ത്യയും പാകിസ്താനും നല്ല ടീമുകളാണ്, അതിനാൽ ജയം പ്രവചിക്കുക അസാധ്യം.”-അക്തർ പറഞ്ഞു.