കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സെമിഫൈനലിൽ ട്രിവാൻഡ്രം ടീമിനെ പരാജയപ്പെടുത്തി കാലിക്കറ്റ് ഫൈനലിൽ. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 18 റൺസിന്റെ വിജയമാണ് കാലിക്കറ്റ് ടീം സ്വന്തമാക്കിയത്. പരാജയത്തിന്റെ വക്കിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിങ് നിരയാണ് കാലിക്കറ്റിന്റെ ശക്തിയായി മാറിയത്.
കാലിക്കറ്റിനായി ബാറ്റിംഗിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തത് നായകൻ രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയുമാണ്. ബോളിങ്ങിലും അഖിൽ വമ്പൻ പ്രകടനം കാഴ്ചവെച്ചതോടെ കാലിക്കറ്റ് വിജയം സ്വന്തമാക്കി. മത്സരത്തിൽ 18 റൺസ് മാത്രം വിട്ടുനൽകിയ അഖിൽ 4 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടിയ ട്രിവാൻഡ്രം റോയൽസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വമ്പൻ തുടക്കം തന്നെയാണ് കാലിക്കറ്റിന് നായകൻ രോഹൻ കുന്നുമ്മൽ നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ട്രിവാൻഡ്രം ബോളർമാരെ വട്ടം ചുറ്റിക്കാൻ രോഹൻ കുന്നുമ്മലിന് സാധിച്ചു.
ഒപ്പം മൂന്നാമതായി ക്രീസിലെത്തിയ അഖിൽ സ്കറിയും മികവ് പുലർത്തിയതോടെ കാലിക്കറ്റ് മികച്ച ഒരു ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. നായകൻ രോഹൻ മത്സരത്തിൽ 34 പന്തുകളിൽ 64 റൺസാണ് സ്വന്തമാക്കിയത്. 3 ബൗണ്ടറികളും 6 സിക്സറുകളും രോഹൻ കുന്നുമ്മലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. അഖിൽ സ്കറിയ 43 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 55 റൺസ് ആണ് നേടിയത്.
ശേഷം അവസാന ഓവറുകളിൽ 16 പന്തുകളിൽ 23 റൺസ് നേടിയ സൽമാൻ നിസാർ കൂടി അടിച്ചുതകർത്തതോടെ കാലിക്കറ്റ് ഒരു വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 173 റൺസാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ട്രിവാൻഡ്രത്തിന് ഓപ്പണർ സുബിന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം റിയാ ബഷീറും ഗോവിന്ദ് പൈയ്യും ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് ട്രിവാൻഡ്രത്തിനായി കെട്ടിപ്പടുക്കുകയാണ് ഉണ്ടായത്.
രണ്ടാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ഇതോടെ ട്രിവാൻഡ്രം അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിൽ 40 പന്തുകളിൽ 3 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 69 റൺസാണ് റിയ ബഷീർ നേടിയത്. ഗോവിന്ദ് പൈ 54 പന്തുകളിൽ 68 റൺസ് നേടി.
എന്നാൽ മത്സരത്തിൽ നിർണായകമായ സമയത്ത് ഇരുവരെയും പുറത്താക്കി ട്രിവാൻഡ്രം തിരികെ വന്നു. ഒപ്പം അവസാന ഓവറുകളിൽ അഖിൽ സ്കറിയയും ബോളിംഗ് പ്രകടനം പുറത്തെടുത്തതോടെ മത്സരം ട്രിവാൻഡ്രത്തിന്റെ കയ്യിൽ നിന്ന് വിട്ടു പോവുകയായിരുന്നു. മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ 27 റൺസ് ആയിരുന്നു ട്രിവാൻഡ്രത്തിന് വിജയിക്കാൻ വേണ്ടിയിരുന്നത്.
എന്നാൽ ഓവറിൽ നിർണായകമായ 2 വിക്കറ്റുകൾ സ്വന്തമാക്കാൻ അഖിൽ സ്കറിയയ്ക്ക് സാധിച്ചു. കേവലം 3 റൺസ് മാത്രമാണ് അഖിൽ പത്തൊമ്പതാം ഓവറിൽ വിട്ടുനൽകിയത്. അവസാന ഓവറിലും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തതോടെ കാലിക്കറ്റ് വിജയം സ്വന്തമാക്കുകയാണ് ഉണ്ടായത്.