“സഞ്ജുവിനെ വിമർശിച്ചാൽ ആരാധകർ മറ്റു താരങ്ങളുടെ കണക്കുമായി വരും”- ആകാശ് ചോപ്ര..

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇതുവരെ തന്റെ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സഞ്ജു സാംസണെയാണ് കാണുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു 20 പന്തുകളിൽ 26 നേടി പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ കേവലം 5 റൺസും മൂന്നാം മത്സരത്തിൽ 3 റൺസും മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. സഞ്ജുവിന്റെ ഈ മോശം ബാറ്റിംഗ് പ്രകടനത്തിനെതിരെ മുൻ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ സഞ്ജുവിനെതിരെ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത് അവന്റെ ആരാധകർക്ക് സഹിക്കാനാവില്ല എന്നാണ് ആകാശ് ചോപ്ര ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജു സാംസനണെ വിമർശിക്കുകയാണെങ്കിൽ, മറ്റു താരങ്ങൾക്കെതിരെയും വിരൽ ചൂണ്ടി ആരാധകർ രംഗത്തെത്തും എന്ന് ചോപ്ര പറയുന്നു. “സമീപകാലത്ത് ബൗൺസറുകളിലും ഷോർട്ട് ബോളുകളിലും ഒരേപോലെയാണ് സഞ്ജു സാംസൺ പുറത്തായിട്ടുള്ളത്. പക്ഷേ സഞ്ജുവിനെ സംബന്ധിച്ച് യാതൊരു കാര്യവും പറയാൻ നമുക്ക് സാധിക്കില്ല. കാരണം ആരെങ്കിലും സഞ്ജുവിനെ കുറ്റപ്പെടുത്തിയാൽ അവന്റെ ആരാധകർ മറ്റു താരങ്ങളുടെ കണക്കുകളുമായി രംഗത്തെത്തും. 3 മത്സരങ്ങളിൽ ഇതേപോലെ തുടരെ പുറത്തായാൽ എന്താണ് പ്രശ്നം? മറ്റു താരങ്ങൾ ആരും തന്നെ പുറത്താകാറില്ലേ? റിഷഭ് പന്തും ധ്രുവ് ജൂറലും പുറത്താകുന്നുണ്ടല്ലോ? ഇതൊക്കെയാണ് ആരാധകർ മുൻപിലേക്ക് വയ്ക്കുന്ന വാദങ്ങൾ.”- ആകാശ് ചോപ്ര പറഞ്ഞു.

മത്സരത്തിൽ സഞ്ജു പുറത്തായ രീതിയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ മുൻപും ഉയർന്നിരുന്നു. 3 മത്സരങ്ങളിലും സമാനമായ രീതിയിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിന്റെ പന്തിലാണ് സഞ്ജു പുറത്തായത്. ആർച്ചറുടെ ഷോർട്ട് ബോളുകളിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുന്ന സമയത്ത് ആയിരുന്നു സഞ്ജുവിന് പലപ്പോഴും വിക്കറ്റ് നഷ്ടമായത്. സഞ്ജുവിന്റെ ബാറ്റിങ്ങിലെ സാങ്കേതികത വീണ്ടും പരിശോധിക്കണമെന്ന രീതിയിലാണ് മുൻപ് താരങ്ങൾ രംഗത്ത് എത്തിയിരുന്നത്.

എന്നിരുന്നാലും സമീപകാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടനത്തിൽ സഞ്ജു പുലർത്തിയ മികവ് എടുത്തു പറയേണ്ടതാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ 2 സെഞ്ചുറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ശേഷം വലിയ പ്രതീക്ഷയിൽ നിൽക്കുന്ന സമയത്താണ് സഞ്ജു മോശം പ്രകടനങ്ങൾ പുറത്തെടുത്തത്. എന്തായാലും അവസാന 2 ട്വന്റി20 മത്സരങ്ങളിലും സഞ്ജു തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് എല്ലാവരെയും ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.