ഐപിഎൽ പതിനഞ്ചാം പതിപ്പിലെ കൊൽക്കത്ത മുംബൈ മത്സരത്തിൽ കൊൽക്കത്ത തകർപ്പൻ വിജയം നേടി. നാലോവർ ബാക്കിനിൽക്കെ ആയിരുന്നു മുംബൈ ഉയർത്തിയ വിജയലക്ഷ്യം കൊൽക്കത്ത മറികടന്നത്. എന്നാൽ വിജയത്തിലും കൊൽക്കത്തയെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ നടത്തിയത്. വെറും ഏഴ് റൺസ് മാത്രമാണ് താരം മുംബൈക്കെതിരെ നേടിയത്. ഐപിഎല്ലിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 27 റൺസ് മാത്രമാണ് താരത്തിൻ്റെ സമ്പാദ്യം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ ക്കെതിരെ 44 റൺസ് നേടിയെങ്കിലും പിന്നീട് ആ പ്രകടനം നിലനിർത്താൻ താരത്തിനായില്ല.
നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും മോശംപ്രകടനം മൂലം താരത്തിനെ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ തിരിച്ചുവരവിനെ കുറിച്ചും ഫോമിനെ കുറിച്ചും സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.
“രഹാനയ്ക്ക് ഇതുവരെ അവസരം മുതലാക്കാൻ സാധിച്ചിട്ടില്ല. ഐപിഎല്ലും ടെസ്റ്റും തമ്മിൽ ബന്ധമില്ല എന്നത് ശരിയാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ഈ പോക്ക് ശരിയല്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരണം എങ്കിൽ ഈ സീസണിൽ 600-700 റൺസ് നേടണം.”-ചോപ്ര പറഞ്ഞു.
അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയത്. താരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മെൻ്റർ ഡേവിഡ് ഹസിയും രംഗത്തുണ്ട്.
“രഹാനെ ക്ലാസ് പ്ലെയറാണ്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം സജീവ ക്രിക്കറ്റിൽ ഉണ്ട്. രാജസ്ഥാനു വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ രഹാനക്ക് ആയിരുന്നു. ഇനിയും അഞ്ചു മുതൽ പത്തു വർഷങ്ങൾ രഹാനക്ക് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.”- ഹസ്സി പറഞു.