അടുത്തമാസം ആദ്യവാരത്തിലാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷ നിലനിർത്തുവാൻ വേണ്ടി മത്സരത്തിൽ വിജയിക്കുക എന്നത് ഇന്ത്യക്ക് നിർണായകമാണ്. എന്നാൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത് കെഎൽ രാഹുലിൻ്റെ പരിക്കാണ്. പരിക്കേറ്റ താരം പരമ്പരയിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.
ഇപ്പോഴിതാ രാഹുലിൻ്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കയുമായുള്ള ട്വൻറി 20 പരമ്പരയിൽ ഇന്ത്യൻ മുഴുവൻ സമയ ക്യാപ്റ്റൻ രോഹിത്തിൻ്റെ അഭാവത്തിൽ രാഹുൽ ആയിരുന്നു നായകൻ. എന്നാൽ ആദ്യ മത്സരത്തിലെ തലേദിവസം പരിക്കേറ്റ താരം പരമ്പരയിൽ നിന്ന് പുറത്താവുകയായിരുന്നു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുലിൻ്റെ അഭാവം ഇന്ത്യൻ ടീമിനെ ഒന്നിലധികം വശങ്ങളിൽ നിന്ന് ബാധിച്ചേക്കാം എന്ന് ആകാശ് ചോപ്ര പറഞ്ഞത്.
“രാഹുൽ മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ വർഷവും മികച്ച പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്. രോഹിത് രാഹുൽ സഖ്യം നൽകുന്ന തുടക്കം ഇന്ത്യയ്ക്ക് കരുത്തേകുന്നത് ആയിരുന്നു. ഒന്നാമതായി വിരാട് കോഹ്ലിയും രോഹിത് ശർമയും ഇപ്പോൾ മോശം ഫോമിലാണ്.
അതിനിടെ ഒരു പരമ്പര നഷ്ടമാവുകയും ചെയ്തു. പര്യടനത്തിലെ ആദ്യ മത്സരം ഒരു ടെസ്റ്റ് മത്സരമാണ്. ചില സമയങ്ങളിൽ നാലാം ടെസ്റ്റ് മത്സരം കളിക്കുന്നത് വരെ നിങ്ങൾ പരിചിതരാകില്ല. ഇംഗ്ലണ്ടിൽ ആണെങ്കിൽ ആകെ ഒരു ടെസ്റ്റ് മത്സരം മാത്രമേ കളിക്കാൻ ഉള്ളൂ. രാഹുലും കൂടെ ഇല്ലാത്ത സാഹചര്യത്തിൽ ഈ പരമ്പര നേടുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കും.”- ആകാശ് ചോപ്ര പറഞ്ഞു.