സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ടീമിൽ ഒരുങ്ങിയേക്കും, പുതിയ ടീം സെലക്ടറായി എത്തുന്നത് സൂപ്പർ താരം.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ചീഫ് സെലക്ടർമാർ ഇല്ലാതെയാണ് ഇന്ത്യൻ ടീം കളിക്കുന്നത്. മുൻപ് ചേതൻ ശർമയുമായി ബന്ധപ്പെട്ട വലിയ രീതിയിലുള്ള വിവാദങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ശേഷം ബിസിസിഐ ചേതൻ ശർമയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം ശിവസുന്ദർ ദാസിനെ നേതൃത്വത്തിൽ താൽക്കാലികമായ സെലക്ഷൻ കമ്മിറ്റിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയിൽ സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് വലിയ രീതിയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നത് വസ്തുതയാണ്. പക്ഷേ ഈ മാസത്തോടെ പുതിയ സെലക്ഷൻ കമ്മിറ്റി അധികാരത്തിൽ വരും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

അടുത്തമാസം ഒന്നാം തീയതി സെലക്ടർമാർക്ക് വേണ്ടിയുള്ള ഇന്റർവ്യൂകൾ ആരംഭിക്കാനാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മുൻ താരമായ അജിത്ത് അഗാർക്കർ ചീഫ് സെലക്ടറായി എത്താൻ സാധ്യതയുണ്ട് എന്ന വാർത്തകളാണ് വിവിധ മാധ്യമങ്ങളിൽ നിന്ന് വരുന്നത്. ചില മുൻ താരങ്ങളെ ഇന്ത്യ സെലക്ഷൻ കമ്മിറ്റിയിലേക്ക് സമീപിച്ചിരുന്നെങ്കിലും പലരും താത്പര്യം കാട്ടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെയാണ് നിലവിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലക സ്ഥാനത്തുള്ള അജിത്ത് അഗാർക്കറെ ഇന്ത്യ എത്തിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ സെലക്ടറായി എത്തുന്നതോട് കൂടി അജിത്ത് അഗാർക്കർക്ക് ഡൽഹി ക്യാപിറ്റൽസിന്റെ ചുമതലയിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കേണ്ടി വരും. കഴിഞ്ഞ രണ്ടു പ്രാവശ്യവും അജിത്ത് അഗാർക്കർ സെലക്ടർ റോളിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ രണ്ടുതവണയും അഗാർക്കർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചില്ല. എന്നാൽ ഇത്തവണയോടെ ഇതിന് അറുതി വരും എന്നാണ് കരുതുന്നത്. ചേതൻ ശർമ സെലക്ടറായിരുന്ന കാലത്ത് മുതിർന്ന താരങ്ങളെ പരിഗണിച്ചായിരുന്നു ഇന്ത്യൻ ടീം ഒരുപാട് മുൻപോട്ട് പോയത്. എന്നാൽ അജിത്ത് അഗാർക്കർ എത്തുന്നതോടെ ഇതിന് കുറവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ സഞ്ജു സാംസണും റിങ്കു സിങ്ങും അടക്കമുള്ള യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചേക്കാം.

ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളും 191 ഏകദിനങ്ങളും 4 ട്വന്റി20കളുമാണ് അജിത്ത് അഗാർക്കർ കളിച്ചിട്ടുള്ളത്. ഏകദിനത്തിൽ 258 വിക്കറ്റുകൾ നേടിയിട്ടുള്ള അഗാർക്കർ 1256 റൺസും നേടിയിട്ടുണ്ട്. എന്തായാലും അജിത്ത് അഗാർക്കർ ഇന്ത്യൻ ടീമിന്റെ സെലക്ടറായി വരുമെന്നും അങ്ങനെയെങ്കിൽ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണടക്കമുള്ള യുവതാരങ്ങൾക്ക് വലിയ പ്രതീക്ഷയാണ് അജിത്ത് അഗാർക്കർ എത്തുന്നതോടെ ഉണ്ടാകുന്നത്. എന്നിരുന്നാലും ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ബിസിസിഐ പുറത്തു വിട്ടിട്ടില്ല.

Previous articleഇന്ത്യ അവനെ എന്തുകൊണ്ട് നായകസ്ഥാനത്ത് പരിഗണിക്കുന്നില്ല? ഓൾറൗണ്ടറെ ചൂണ്ടിക്കാട്ടി സാബാ കരീം.
Next articleഅന്ന് അവസാന പന്ത് കളിക്കാന്‍ 7 ഒപ്ഷനുകളാണ് കോഹ്ലി അന്ന് എനിക്ക് തന്നത്. ഇതിഹാസ വിജയം ഓര്‍ത്തെടുത്ത് രവിചന്ദ്ര അശ്വിന്‍