ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വ റെക്കോർഡിന് ഉടമയായി കിവീസ് സ്പിൻ ബൗളർ അജാസ് പട്ടേൽ. ഇന്ത്യൻ ടീമിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുംബൈയിലാണ് അജാസ് പട്ടേൽ ചരിത്ര റെക്കോർഡിലേക്ക് എത്തിയത്.
രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ശേഷിച്ച ആറ് വിക്കറ്റുകൾ കൂടി നഷ്ടമായപ്പോൾ എല്ലാ വിക്കറ്റുകളും രണ്ടാം ദിനവും വീഴ്ത്തി അജാസ് പട്ടേൽ ഒന്നാം ഇന്നിങ്സിലെ തന്റെ വിക്കറ്റ് നേട്ടം ആകെ പത്താക്കി മാറ്റി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇത് മൂന്നാമത്തെ തവണ മാത്രമാണ് ഒരു ഇന്നിങ്സിലെ എല്ലാ 10 വിക്കറ്റും ഒരു ബൗളർ തന്നെ നേടുന്നത്.
മുൻപ് ജിം ലേക്കർ, അനിൽ കുംബ്ല എന്നിവരാണ് ഒരു ഇന്നിങ്സിലെ മൊത്തം വിക്കറ്റുകളും വീഴ്ത്തിയ ബൗളർമാർ. മുംബൈയിലെ പിച്ചിൽ നിന്നും ആദ്യത്തെ ദിനം തന്നെ ടേൺ ആൻഡ് ബൗൺസ് കണ്ടെത്തിയ അജാസ് പട്ടേൽ ഇന്ത്യൻ ടീമിനെ എല്ലാ അർഥത്തിലും തളർത്തി. ആദ്യത്തെ ദിനം ശുഭ്മാൻ ഗിൽ, പൂജാര, കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച അജാസ് പട്ടേൽ രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സാഹ, അശ്വിൻ എന്നിവരെ വീഴ്ത്തി രണ്ടാം ദിനം ആരംഭിച്ച അജാസ് പട്ടേൽ 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത് മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് വീഴ്ത്തിയാണ്.
ഒന്നാം ഇന്നിംഗ്സിൽ 47.5 ഓവറുകൾ എറിഞ്ഞ താരം വെറും 119 റൺസ് മാതത്രം വഴങ്ങിയാണ് 10 വിക്കറ്റുകൾ എന്ന നേട്ടത്തിലേക്ക് എത്തിയത്. താരം ഈ റെക്കോർഡ് പ്രകടനത്തിന് ഒപ്പം അപൂർവ്വമായ നേട്ടങ്ങൾ കൂടി നേടി.ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കിവീസ് ബൗളറുടെ ഏറ്റവും മികച്ച പ്രകടത്തിന് ഉടമയായ താരം ഇന്ത്യക്ക് എതിരെ ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം എന്നൊരു റെക്കോർഡ് കൂടി കരസ്ഥമാക്കി. താരത്തിന് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നിന്നും വാനോളം പ്രശംസ ലഭിക്കുകയാണ്