നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് പാക്കിസ്ഥാൻ നായകൻ ബാബർ അസം. എന്നാൽ അത്ര നല്ല കാലമല്ല താരത്തിനിപ്പോൾ. കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ബാബർ അസം കടന്നു പോകുന്നത്. കഴിഞ്ഞ ഏഷ്യാകപ്പിൽ തുടങ്ങിയ താരത്തിൻ്റെ കലികാലം ഈ ലോകകപ്പിലും തുടർന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 8 റൺസ് ആണ് താരം ഈ ലോകകപ്പിൽ എടുത്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ റൺസ് ഒന്നും എടുക്കാതെ ഗോൾഡൻ ഡക്കായി പുറത്തായ ബാബർ അസം സിംബാബുവേക്കെതിരെയും നെതർലാൻസിനെതിരെയും നാല് റൺസ് വീതമാണ് എടുത്തത്. മോശം ബാറ്റിങ് മാത്രമല്ല, മോശം ക്യാപ്റ്റൻസിയും താരത്തിന് വിനയാകുന്നുണ്ട്. ഇതോടെ താരത്തിനെതിരെ മുൻ താരങ്ങൾ അടക്കം പലരും വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.
കടുത്ത വിമർശനവും സൈബർ ആക്രമണവുമാണ് ബാബർ അസം ഇപ്പോൾ നേരിടുന്നത്. താരത്തിനെ വിമർശിച്ചും പിന്തുണച്ചും ഒരുപാട് പേരാണ് രംഗത്തെത്തുന്നത്. പാകിസ്താൻ്റെ നായകനാകാൻ ബാബർ അസം യോഗ്യനല്ല എന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ ബാബറിന് പിന്തുണയുമായി ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ വിരാടിനെ പിന്തുണച്ച് ബാബർ അസം രംഗത്ത് എത്തിയിരുന്നു. ഈ സമയവും കടന്നുപോകും എന്നായിരുന്നു ബാബർ അന്ന് ട്വീറ്റ് ചെയ്തത്. ഇപ്പോൾ അതേ രീതിയിലുള്ള ട്വീറ്റ് ആണ് അമിത് മിശ്രയും പങ്കുവെച്ചത്.
എന്നാൽ അമിത് മിശ്ര ബാബറിനെ പിന്തുണക്കാൻ അല്ലെന്നും മറിച്ച് ബാബറിനെ പരിഹസിച്ചതുമാണെന്നാണ് മുൻ താരം ഷാഹിദ് അഫ്രീദി പറയുന്നത്.”നിങ്ങൾ ഇപ്പോൾ പറഞ്ഞ അമിത് മിശ്ര ആരാണ്? ഇയാൾ ബാറ്റർ ആയിരുന്നോ അതോ സ്പിന്നർ ആയിരുന്നോ? ഇന്ത്യക്ക് വേണ്ടി എപ്പോഴെങ്കിലും ഇയാൾ കളിച്ചിട്ടുണ്ടോ? ആരാണയാൾ?”-ഇതാണ് ഷാഹിദ് അഫ്രീദി ചോദിച്ചത്. അയാൾ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട് എന്ന് അവതാരകൻ പറഞ്ഞപ്പോൾ, ഒരു കുഴപ്പവുമില്ല നമ്മുക്ക് മുന്നോട്ട് പോകാം, ഇതും കടന്നുപോകും എന്നാണ് മുൻ പാക് താരം മറുപടി നൽകിയത്.