ഞങ്ങളെ ഇന്ത്യൻ ആരാധകർ ഒരുപാട് പിന്തുണയ്ക്കുന്നു. നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ നായകൻ ഷഹീദി.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ അത്യുഗ്രൻ വിജയമാണ് അഫ്ഗാനിസ്ഥാൻ ടീം സ്വന്തമാക്കിയത്. മുൻപ് പാകിസ്ഥാനെ അട്ടിമറിച്ച അഫ്ഗാനിസ്ഥാന്റെ മറ്റൊരു വമ്പൻ പ്രകടനം തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ സെമി പ്രതീക്ഷകൾ അഫ്ഗാനിസ്ഥാൻ നിലനിർത്തുകയും ചെയ്തു. മത്സരത്തിലെ വിജയത്തിന് ശേഷം തങ്ങളെ പിന്തുണയ്ക്കാനായി മൈതാനത്തെത്തിയ ഇന്ത്യൻ ആരാധകർക്ക് നന്ദി പറഞ്ഞാണ് അഫ്ഗാനിസ്ഥാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി സംസാരിച്ചത്. മത്സരത്തിലെ പ്രകടനത്തിൽ തന്റെ ആഹ്ലാദം ഷാഹിദി പ്രകടിപ്പിക്കുകയുണ്ടായി.

“എന്റെ ടീമിനെ പറ്റി ഓർക്കുമ്പോൾ വളരെ അഭിമാനവും വളരെ സന്തോഷവും തോന്നുന്നു. മത്സരത്തിന്റെ 3 വിഭാഗത്തിലും വളരെ നന്നായി പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഞങ്ങൾക്ക് സാധിച്ചു. കഴിഞ്ഞ മത്സരം ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയിരുന്നു. മാത്രമല്ല ഏതുതരം ലക്ഷ്യവും ചെയ്സ് ചെയ്തു ജയിക്കാൻ പറ്റും എന്ന വിശ്വാസവും ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ബോളർമാരിൽ നിന്ന് വളരെ പ്രൊഫഷണലായ പ്രകടനങ്ങളാണ് ഉണ്ടായത്. ഞങ്ങളുടെ കോച്ചിംഗ്- മാനേജ്മെന്റ് സ്റ്റാഫുകളൊക്കെയും വളരെ കഠിന പ്രയത്നത്തിലാണ്. അവർ ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നു. കോച്ച് ജൊനാദൻ ട്രോട്ട് എപ്പോഴും പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ട്രോറ്റിന്റെ വാക്കുകളിലാണ് ഞങ്ങൾക്ക് മാറ്റമുണ്ടായത്.”- ഷാഹിദീ പറഞ്ഞു.

“ഒരു നായകൻ എന്ന നിലയിൽ ടീമിനെ മുൻപിൽ നിന്ന് നയിക്കാനാണ് ഞാൻ ശ്രമിക്കേണ്ടത്. അതിനായി ഞാൻ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. ഈ ടൂർണമെന്റിലൂടനീളം അത്തരത്തിൽ തന്നെയാണ് മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നത്. റാഷിദ് ഖാൻ വളരെ സ്പെഷ്യലായ ഒരു കളിക്കാരനാണ്. നിലവിൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റാഷിദ്. അവൻ വളരെ ഊർജിതനായി മൈതാനത്ത് കാണപ്പെടുന്നു. മാത്രമല്ല ടീമിനായി എല്ലായിപ്പോഴും പൊരുതുന്ന താരമാണ് റാഷിദ്.”- ഷാഹിദി കൂട്ടിച്ചേർത്തു.

“അഫ്ഗാനിസ്ഥാനായി പിന്തുണ നൽകിയ എല്ലാ ആരാധകരെയും ഞങ്ങൾ അഭിനന്ദിക്കുകയാണ്. മാത്രമല്ല മൈതാനത്തെത്തുകയും ഞങ്ങൾക്ക് ഒരുപാട് പിന്തുണ നൽകുകയും ചെയ്ത ഇന്ത്യൻ ആരാധകർക്കും ഞങ്ങൾ നന്ദി പറയുന്നു.”- ഷാഹിദി പറഞ്ഞു വെക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്തായിരുന്നു അഫ്ഗാനിസ്ഥാൻ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനായി ബോളിംഗിൽ 4 വിക്കറ്റുകൾ നേടിയ ഫസൽ ഫറൂഖിയാണ് മികവ് പുലർത്തിയത്. ബാറ്റിംഗിൽ അസ്മത്തുള്ള 73 റൺസും, റഹ്മത്ത് 62 റൺസും, നായകൻ ഷാഹിദി 58 റൺസും നേടി അഫ്ഗാനിസ്ഥാന് അടിത്തറ നൽകി.

Previous articleവീണ്ടും അഫ്ഗാൻ തരംഗം. ശ്രീലങ്കയെ ചവുട്ടി വീഴ്ത്തി വിജയം.. അട്ടിമറി തുടരുന്നു.
Next articleബാറ്റിങ്ങിൽ ഇന്ത്യയുടെ പോരായ്മ അവനാണ്. ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വരും. ഇന്ത്യൻ താരത്തെപറ്റി മിസ്ബാ.