വീണ്ടും അഫ്ഗാൻ തരംഗം. ശ്രീലങ്കയെ ചവുട്ടി വീഴ്ത്തി വിജയം.. അട്ടിമറി തുടരുന്നു.

cwc 2023 afghan

2023 ഏകദിന ലോകകപ്പിൽ വീണ്ടും തകർപ്പൻ പ്രകടനവുമായി അഫ്ഗാനിസ്ഥാൻ. ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് അഫ്ഗാനിസ്ഥാൻ നിര സ്വന്തമാക്കിയിരിക്കുന്നത്. നിർണായകമായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാന്റെ ഈ ലോകകപ്പിലെ മൂന്നാമത്തെ വിജയമാണ് മത്സരത്തിൽ പിറന്നത്.

ഇതോടുകൂടി പോയിന്റ്സ് ടേബിളിൽ വൻ മുന്നേറ്റം (അഞ്ചാം സ്ഥാനം) ഉണ്ടാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ അഫ്ഗാനിസ്ഥാനായി ഫസൽ ഫറൂക്കിയാണ് ബോളിങ്ങിൽ മികവ് പുലർത്തിയത്. ബാറ്റിംഗിൽ മുൻനിര ബാറ്റർമാരൊക്കെയും മികവ് പുലർത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിങ് തിരഞ്ഞെടുത്തു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ശ്രീലങ്കയ്ക്ക് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. എന്നാൽ കൃത്യമായ സമയങ്ങളിൽ സ്കോറിങ് ഉയർത്തുന്നതിൽ ശ്രീലങ്കൻ ബാറ്റർമാർ പരാജയപ്പെടുന്നതാണ് കണ്ടത്. ഓപ്പണർ നിസ്സംഗ 46 റൺസും, നായകൻ കുശാൽ മെൻഡിസ് 39 റൺസും നേടി ശ്രീലങ്കയ്ക്ക് പ്ലാറ്റ്ഫോം നൽകി.

എന്നാൽ അവസാന ഓവറുകളിൽ ഇത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ ശ്രീലങ്കയുടെ ബാറ്റർമാർക്ക് സാധിച്ചില്ല. 23 റൺസ് നേടിയ മാത്യൂസും 29 റൺസ് നേടിയ തീക്ഷണയും അവസാന ഓവറുകളിൽ പൊരുതാൻ ശ്രമിച്ചെങ്കിലും ശ്രീലങ്ക അഫ്ഗാൻ ബോളിങ്ങിന് മുൻപിൽ കൂപ്പുകുത്തി വീഴുകയായിരുന്നു.

Read Also -  ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

മത്സരത്തിൽ 241 റൺസിൽ ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. അഫ്ഗാനിസ്ഥാനായി ഫസൽ ഫറൂക്കി 4 വിക്കറ്റുകൾ സ്വന്തമാക്കി. സ്പിന്നർ മുജീബ് 2 വിക്കറ്റുകൾ സ്വന്തമാക്കി ഫറൂക്കിക്ക് പിന്തുണ നൽകി. 242 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിൽ തിരിച്ചടിയാണ് ലഭിച്ചത്. സ്റ്റാർ ഓപ്പണർ ഗുർബാസിനെ(0) അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ പിന്നീട് അഫ്ഗാനിസ്ഥാൻ വളരെ പക്വതയോടെ ബാറ്റ് ചെയ്യുന്നതാണ് കണ്ടത്. തെല്ലും തിടുക്കം കാണിക്കാതെ പതിയെ റൺസ് കണ്ടെത്താൻ അഫ്ഗാനിസ്ഥാൻ ബാറ്റർമാർ ശ്രമിച്ചു.

ഓപ്പണർ ഇബ്രാഹിം സദ്രാനും റഹ്മത്തും ചേർന്ന് മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് അഫ്ഗാനിസ്ഥാനായി പടുത്തുയർത്തുകയുണ്ടായി. റഹ്മത്ത് മത്സരത്തിൽ 74 പന്തുകളിൽ നിന്ന് 62 റൺസ് സ്വന്തമാക്കുകയുണ്ടായി. ശേഷം നായകൻ ഷാഹിദിയും ക്രീസിലെത്തി റൺസ് കണ്ടെത്തിയതോടെ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

കൃത്യമായ കൂട്ടുകെട്ടുകൾ കണ്ടെത്തി അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കി. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നായകൻ ഷാഹിദി 74 പന്തുകളില്‍ 58 റൺസാണ് നേടിയത്. അസ്മത്തുള്ള 63 പന്തുകളിൽ 73 റൺസ് നേടി അഫ്ഗാനിസ്ഥാന്റെ വിജയം ഉറപ്പിക്കുകയുണ്ടായി. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്.

Scroll to Top