തീ പാറും യുദ്ധങ്ങൾ ഒരുപാട് കാണുകയും അനുഭവിക്കുകയും ചെയ്തവരാണ് അഫ്ഗാൻ ജനത. ഗ്രേറ്റ് ബ്രിട്ടനുമായി മൂന്ന് തവണ യുദ്ധം ചെയ്ത അവർ ഒരിക്കലും പൂർണ്ണ അർത്ഥത്തിൽ ബ്രിട്ടന് കീഴ്പ്പെട്ടിട്ടില്ലായിരുന്നു എന്നതാണ് ചരിത്രം.
1919 ലെ അവസാന ആംഗ്ലോ അഫ്ഘാൻ യുദ്ധത്തിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് അവർ സ്വാതന്ത്രം പ്രാപിച്ചത് പോലും. ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്ലൻഡിനോട് മൈതാനമദ്ധ്യേ അഫ്ഗാൻ പോരാളികൾ പോരാടി നേടും എന്ന് തന്നെയാണ് മനസ്സ് പറഞ്ഞു കൊണ്ടിരുന്നത്.
ടോസ് നേടിയ അഫ്‌ഗാനിസ്ഥാൻ അനേക വർഷങ്ങളുടെ കുടിയേറ്റ ചരിത്രമുള്ള ഷാർജയിലെ മൈതാനമദ്ധ്യേ നിന്ന് ബാറ്റിങ് തിരഞ്ഞെടുക്കുന്നു എന്ന് പ്രഖ്യാപിച്ചപ്പോൾ അഫ്ഗാൻ ആരാധകർ സ്റ്റേഡിയത്തിൽ ആർപ്പുവിളികളോടെയാണ് ആ പ്രഖ്യാപനത്തെ എതിരേറ്റത്.
സെക്കന്റ് ഇന്നിംഗ്‌സിൽ സംഭവിച്ചേക്കാവുന്ന ഡ്യൂ ഫാക്റ്ററിനെ വകവെക്കാതെ ബാറ്റിങ് തിരഞ്ഞെടുത്ത അഫ്‌ഗാനിസ്താന്റെ തീരുമാനത്തെ സർപ്രൈസിംഗ് എന്നാണ് കളി വിലയിരുത്തലുകാർ ഇരുത്തിക്കളഞ്ഞത്. സ്‌കോട്ട്ലൻഡാണെങ്കിൽ ബംഗ്ലാദേശിനെ വീഴ്ത്തിയ ഒരു ഡ്രീം റണ്ണിന്റെ പ്രഭയിലുമായിരുന്നു.
ഹസറത്തുള്ള സസായി ആദ്യ ഓവറിൽ അൽപ്പം മിതത്വം കാട്ടിയെങ്കിലും രണ്ടാം ഓവറിൽ പടക്കം പൊട്ടിക്കും പോലെ 18 റൺസ് അടിച്ചു കൂട്ടിയാണ് തനി സ്വരൂപം കാട്ടിയത്. അത് അഫ്ഗാൻ ടീമിന്റെ പ്രസ്താവനയായിരുന്നു. കരുത്ത് കാട്ടും എന്നുള്ള ശക്തമായ പ്രസ്താവന.
ഷോർട്ടർ ബൗണ്ടറി ഏരിയകൾ അവർ കൃത്യമായി മുതലാക്കി. സിക്സുകളും ഫോറുകളും യഥേഷ്ടം വന്നു ചേർന്നു. 190 റൺസിന്റെ റൺസ് മല തീർത്ത് വേൾഡ് ക്ലാസ് സ്പിൻ നിരയുള്ള അഫ്ഗാൻ സ്‌കോട്ടിഷ് വീര്യത്തെ സമ്മർദത്തിലാക്കി.
അഫ്ഗാൻ ക്യാപ്റ്റനും സ്പിൻ നിരയിലെ പ്രമുഖരിലൊരുവനുമായ നബിയെ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ 11 റൺസ് അടിച്ചപ്പോൾ നല്ലൊരു പോരാട്ടമാണ് കാത്തിരിക്കുന്നത് എന്ന് വെറുതേ മോഹിച്ചു. മുജീബുർ റഹ്‌മാനും റാഷിദ് ഖാനുമൊക്കെ അത് അത്രക്കങ്ങട് ഇഷ്ട്ടപ്പെട്ടില്ല എന്ന് തോന്നുന്നു. മുജീബുർ 5 വിക്കറ്റ്, റാഷിദ് ഖാൻ 4 വിക്കറ്റ്. സന്ദേശം സിനിമയിൽ പറഞ്ഞ പോലെ ചടങ്ങ് ലളിതം. സ്‌കോട്ട്ലൻഡ് തകിട് പൊടി
10.2 ഓവറിൽ 60 റൺസിന് എല്ലാവരെയും പുറത്താക്കി സ്കോട്ടിഷ് ക്രിക്കറ്റിനെ അഫ്ഗാൻ ഒരു മയവുമില്ലാതെ പൂട്ടിക്കെട്ടി.റൺസ് പ്രതിരോധിച്ചു കൊണ്ടുള്ള അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വിജയമായി ഈ മത്സരം രേഖപ്പെടുത്തും.
മറ്റുള്ള ടീമുകൾ സൂക്ഷിക്കുക. അഫ്ഗാനിസ്ഥാൻ വേറെ മൂഡിലാണ്
എഴുതിയത് – Sunil Louis