കൂടുതൽ ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങൾ കളിച്ചാലോ :നിർദ്ദേശവുമായി പിറ്റേഴ്സൺ

ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ ആവേശവും ഒപ്പം ആകാംക്ഷയും നിറഞ്ഞുനിന്ന ടി :20 ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാശിയേറിയ പോരാട്ടം എല്ലാവർക്കും സമ്മാനിച്ചത് എക്കാലവും ഓർക്കാനായി സാധിക്കുന്ന മനോഹര നിമിഷങ്ങൾ.10 വിക്കറ്റിന്റെ ഐതിഹാസിക ജയവുമായി പാകിസ്ഥാൻ ടീം കയ്യടികൾ നേടിയപ്പോൾ മറ്റൊരു ലോകകപ്പ് ടൂർണമെന്റിൽ കൂടി തോൽവിയോടെ തുടങ്ങുവാനാണ് ടീം ഇന്ത്യയുടെ വിധി. തുടർച്ചയായ 12 ജയം ലോകകപ്പിൽ പാകിസ്ഥാൻ എതിരെ നേടിയ ആത്മവിശ്വാസത്തിൽ കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീമിന് പാകിസ്ഥാൻ ടീം കാഴ്ചവെച്ച ബാറ്റിങ്, ബൗളിംഗ് മികവിന് മുന്നിൽ പിടിച്ചുനിൽക്കുവാനായില്ല.

എന്നാൽ ഇന്നലെ ഒരൊറ്റ മത്സരത്തിന് ക്രിക്കറ്റ്‌ ലോകത്ത് ഇത്രയേറെ ആവേശം നിറക്കുവാൻ കഴിഞ്ഞത്തിന്റെ ത്രില്ലാണ് മുൻ താരങ്ങൾ അടക്കം പങ്കുവെക്കുന്നത് .ഇപ്പോൾ വ്യത്യസ്തമായ ചില സാഹചര്യങ്ങളാൽ ഇന്ത്യൻ ടീമും ഒപ്പം പാകിസ്ഥാൻ ടീമും ലോകകപ്പ് വേദികളിൽ മാത്രമാണ് കളിക്കുന്നത്. അതേസമയം ഇത് മാറി കൂടുതലായി മത്സരങ്ങൾക്ക് കൂടി ഇന്ത്യ :പാകിസ്ഥാൻ ടീമുകൾ കൂടി സഹകരിക്കണം എന്നുള്ള അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ. മത്സരത്തിൽ പാക് ടീം ജയത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാൻ ടീമുകളും ഒരിക്കൽ കൂടി സജീവമായി പരമ്പരകൾ കളിക്കണം എന്നുള്ള നിർദ്ദേശം പിറ്റേഴ്സൺ തന്റെ ട്വീറ്റിൽ കൂടി നൽകുന്നത്.

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം പ്രചാരം നേടിയ ഈ ട്വീറ്റിന് പിന്തുണയും ആയി മുൻ താരങ്ങൾ അടക്കം രംഗത്ത് എത്തി കഴിഞ്ഞു. “എല്ലാ വർഷവും ഒരു ടി :20 പരമ്പരക്കായി എങ്കിലും ഇന്ത്യ, പാകിസ്ഥാൻ ടീമുകൾ തയ്യാറാവണം. ഏതെങ്കിലും ഒരു നിഷ്പക്ഷ വേദിയിൽ 3 ടി :20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര എങ്കിലും കളിക്കാൻ ഇരു ടീമുകളും തയ്യാറാവണം. 6 ദിവസം നീണ്ടുനിൽക്കുന്ന പരമ്പരക്കു വേണ്ടി ബ്രോഡ്കാസ്റ്റേഴ്സ് ക്യൂ നില്‍ക്കും “പിറ്റേഴ്സൺ പറഞ്ഞു.