ഈ മിസ്റ്ററി പാക്കിസ്ഥാന്‍റെ അടുത്ത് നടക്കില്ലാ. പാക്കിസ്ഥാന്‍ തെരുവുകളില്‍ ഇത് സാധാരണം

പാക്കിസ്ഥാനെതിരെ തോല്‍വി നേരിട്ട ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍ വളരെ പ്രതീക്ഷയോടെ ലോകകപ്പില്‍ എത്തിയ താരത്തിനു ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലാ. ഐപിഎല്ലില്‍ തിളങ്ങിയതുപോലെ പാക്കിസ്ഥാനെതിരെ തിളങ്ങാന്‍ സാധിക്കില്ലാ എന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട് പറയുന്നത്.

ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് വരുണ്‍ ചക്രവര്‍ത്തിയുടെ മിസ്റ്ററി സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. എന്നാല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ആ ബുദ്ധിമുട്ടില്ലാ. കാരണം പാക്കിസ്ഥാനിലെ സ്ട്രീറ്റ് ക്രിക്കറ്റില്‍ വരുണിനെപ്പോലെ പന്തെറിയുന്ന നിരവധി ബൗളര്‍മാരുണ്ട്. ഇതിനര്‍ത്ഥം വരുണ്‍ മികച്ച ബൗളറല്ലെന്നല്ല. വരുണ്‍ മികച്ച ബൗളറാണ്. പക്ഷെ പാക്കിസ്ഥാനെതിരെ ഫലപ്രദമാവില്ലെന്ന് മാത്രം.

ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിനെ പാക്കിസ്ഥാന്‍ താരങ്ങള്‍ ഫലപ്രദമായി നേരിട്ടുവെന്നും, ഒടുവില്‍ തങ്ങള്‍ക്കെതിരായ മത്സരങ്ങളില്‍ ശ്രീലങ്ക അദ്ദേഹത്തെ പുറത്തിരുത്തേണ്ട സ്ഥിതി വരെയുണ്ടായി എന്നും സല്‍മാന്‍ ബട്ട് ഓര്‍മിപ്പിച്ചു.  മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സാണ് വരുണ്‍ വഴങ്ങിയത്. വളരെ അനായാസമാണ് പാക്ക് ഓപ്പണര്‍മാര്‍ മിസ്റ്ററി സ്പിന്നറെ നേരിട്ടത്. വരുണിനെക്കൂടാതെ രവിചന്ദ്ര അശ്വിന്‍, രാഹുല്‍ ചഹര്‍ എന്നീ സ്പിന്നര്‍മാര്‍ ഇന്ത്യന്‍ സ്ക്വാഡിലുണ്ട്.