സെഞ്ച്വറിയ്ക്ക് ശേഷം പോക്കറ്റിൽ നിന്ന് അഭിഷേക് എടുത്ത പേപ്പർ. “ഇതെന്റെ ഓറഞ്ച് ആർമിയ്ക്ക് വേണ്ടി”.

പഞ്ചാബിനെതിരായ മത്സരത്തിൽ എല്ലാവരെയും വിസ്മയിപ്പിച്ച ഒരു ഇന്നിങ്സ് ആയിരുന്നു ഹൈദരാബാദ് താരം അഭിഷേക് ശർമ കാഴ്ചവച്ചത്. മത്സരത്തിൽ കേവലം 40 പന്തുകളിൽ നിന്ന് തന്റെ ഐപിഎൽ സെഞ്ച്വറി സ്വന്തമാക്കാൻ ഹൈദരാബാദ് ബാറ്റർക്ക് സാധിച്ചു. 246 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് അനായാസം വിജയത്തിലെത്താനും അഭിഷേക് ശർമയുടെ ഈ ഇന്നിങ്സ് സഹായകരമായി മാറി. ചാഹൽ എറിഞ്ഞ 13ആം ഓവറിലായിരുന്നു അഭിഷേക് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ആരാധകരിൽ നിന്നും വലിയ കരഘോഷമാണ് ഈ സമയത്ത് ഉണ്ടായത്.

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ആറാമത്തെ സെഞ്ചുറിയാണ് അഭിഷേക് ശർമ മത്സരത്തിൽ നേടിയത്. സെഞ്ച്വറി സ്വന്തമാക്കിയതിനുശേഷം അഭിഷേക് ശർമ തന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷണം എടുക്കുകയും, അത് ആരാധകരെ കാട്ടുകയും ചെയ്തു. എന്താണ് അഭിഷേകിന്റെ കയ്യിലുള്ള പേപ്പറിൽ എഴുതിയിരിക്കുന്നത് എന്നറിയാനായി എല്ലാവരും ആകാംക്ഷയിലായി. “ഇത് ഓറഞ്ച് ആർമിയ്ക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു” എന്നായിരുന്നു അഭിഷേക് ശർമ ആ പേപ്പറിൽ എഴുതിയിരുന്നത്. ഓറഞ്ച് ആർമി എന്നത് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഫാൻ ബേസാണ്. തന്റെ ടീമിന്റെ ആരാധകർക്കായുള്ള അഭിഷേകിന്റെ പ്രകടനമായിരുന്നു മത്സരത്തിൽ കണ്ടത്.

അഭിഷേക് പോക്കറ്റിൽ നിന്ന് പേപ്പർ എടുത്തതിന് പിന്നാലെ പഞ്ചാബ് കിംഗ്സ് താരങ്ങൾ അടക്കം, അതിൽ എഴുതിയിരിക്കുന്നത് എന്താണ് എന്നറിയാൻ മുൻപിലേക്ക് വരികയുണ്ടായി. പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ അഭിഷേകിന്റെ കയ്യിൽ നിന്ന് ആ പേപ്പർ കഷ്ണം വാങ്ങുകയും അതിൽ എഴുതിയിരിക്കുന്നത് വായിച്ചു നോക്കുകയും ചെയ്തു. എന്തായാലും അഭിഷേകിനെ സംബന്ധിച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നാണ് മത്സരത്തിൽ കാഴ്ചവച്ചത്. 55 പന്തുകൾ മത്സരത്തിൽ നേരിട്ട് അഭിഷേക് ശർമ 141 റൺസ് ആണ് സ്വന്തമാക്കിയത്. 14 ബൗണ്ടറികളും 10 സിക്സറുകളും അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

അഭിഷേക് ശർമയുടെ മികവിൽ 9 പന്തുകൾ ബാക്കിനിൽക്കവേയാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. 8 വിക്കറ്റുകൾക്കായിരുന്നു മത്സരത്തിലെ ഹൈദരാബാദിന്റെ വിജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയകരമായ ചെയ്സാണ് ഹൈദരാബാദ് മത്സരത്തിൽ പൂർത്തീകരിച്ചത്. മത്സരത്തിലെ ഇന്നിംഗ്സിനിടെ, ഒരു ഹൈദരാബാദ് ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും അഭിഷേക് ശർമ സ്വന്തമാക്കി. മുൻപ് 126 റൺസ് നേടിയ ഡേവിഡ് വാർണറുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇതാണ് ഇപ്പോൾ അഭിഷേക് മറികടന്നത്.